
എറണാകുളം : കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു. കൊല്ലം സ്വദേശിയായ യുവതിയാണ് ഇന്ന് പുലർച്ചയോടെ പ്രസവിച്ചത്. അമ്മയേയും കുഞ്ഞിനേയും അടുത്തുളള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.
പൊലീസെത്തിയാണ് അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിൽ എത്തിച്ചത്. യുവതിയുടെ കാമുകൻ കൊല്ലം സ്വദേശിയാണെന്നാണ് വിവരം. ഇയാളെയും യുവതിയുടെ വീട്ടുകാരെയും വിവരമറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ഗർഭിണിയാണെന്ന വിവരം ഹോസ്റ്റലിൽ ഉളളവർ അറിഞ്ഞിരുന്നില്ല. രാവിലെ ശുചിമുറിയിൽ പോയ യുവതി ഒരുപാട് സമയമായിട്ടും തിരിച്ച് മുറിയിലെത്തിയിരുന്നില്ല. ശുചിമുറിയിൽ നിന്നും ശബ്ദം കേട്ടതിനെ തുടർന്ന് മറ്റ് സ്ത്രീകൾ വാതിൽ ബലമായി തുറന്നപ്പോഴാണ് രക്തത്തിൽ കുളിച്ച കുഞ്ഞിനെയും യുവതിയേയും കണ്ടത്. ഉടൻ തന്നെ ഹോസ്റ്റൽ ജീവനക്കാർ എറണാകുളം നോർത്ത് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.