KeralaNews

രാഷ്ട്രീയ കൊലയാളികളായ സഖാക്കൾക്ക് വേണ്ടി ഡൽഹിയിൽ നിന്നിറക്കിയത് മുതിർന്ന അഭിഭാഷകരെ: ഖജനാവിൽ നിന്ന് 2.86 കോടി നൽകിയെന്ന് പി. രാജീവ്

71 ലൈഫ് മിഷൻ വീട് നിർമ്മിക്കാനുള്ള തുകയാണ് സഖാക്കൾക്ക് വേണ്ടി ചെലവാക്കിയത്

രാഷ്ട്രീയ കൊലപാതകികളെ രക്ഷിക്കാൻ ഡൽഹിയിൽ നിന്നെത്തിയ അഭിഭാഷകർക്ക് 2,72,40,000 രൂപ വക്കീൽ ഫീസായി നൽകിയെന്ന് നിയമ മന്ത്രി പി. രാജീവ്. സണ്ണി ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു പി.രാജീവ്. പെരിയ കേസിലെ സിപിഎം പ്രതികൾക്കു വേണ്ടി ഡൽഹിയിൽ നിന്ന് 3 അഭിഭാഷകരെയാണ് ഹൈക്കോടതിയിൽ എത്തിച്ചത്.

സീനിയർ അഭിഭാഷകരായ മനീന്ദർ സിംഗ്, പ്രഭാസ് രാജ് , രജ്ഞിത് കുമാർ എന്നിവരാണ് കൃപേഷ് , ശരത് ലാൽ വധക്കേസ് പ്രതികൾക്ക് വേണ്ടി ഹാജരായത്. 88 ലക്ഷം രൂപ ഇവർക്ക് ഖജനാവിൽ നിന്ന് വക്കീൽ ഫീസ് നൽകി. ഷുഹൈബ് കൊലപാതക കേസിലെ സിപിഎം പ്രതികൾക്ക് വേണ്ടി വാദിക്കാൻ ഹൈക്കോടതിയിൽ എത്തിച്ചത് വിജയ് ഹൻസാരിയ, അമരീന്ദ ശരൻ എന്നീ പ്രഗൽഭരെ ആയിരുന്നു. 86 ലക്ഷമായിരുന്നു ഇവരുടെ ഫീസ്.

രാഷ്ട്രിയ കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗോപാലൻ അടിയോടി വക്കീൽ സ്മാരക ട്രസ്റ്റ് നൽകിയ കേസിൽ സർക്കാരിനു വേണ്ടി ഹാജരായത് പ്രഗത്ഭനായ ഹരിൻ പി റാവൽ ആയിരുന്നു. 98 ലക്ഷമായിരുന്നു ഫീസ്. ഇവർക്കെല്ലാം ഫീസിന് പുറമെ യാത്ര ചെലവ്, ഭക്ഷണം, താമസം തുടങ്ങിയ ചെലവുകളും സർക്കാർ ഖജനാവിൽ നിന്നായിരുന്നു.

വിമാന കൂലിയായി 10,09, 525 രൂപയാണ് ചെലവായത്. താമസത്തിനും ഭക്ഷണത്തിനും 3, 57, 647 രൂപയും ചെലവായി. ആകെ ചെലവായത് 2,86,02,172 രൂപ. 71 ലൈഫ് മിഷൻ വീട് നിർമ്മിക്കാനുള്ള തുകയാണ് സഖാക്കളെ രക്ഷിക്കാൻ ഖജനാവിൽ നിന്ന് അഭിഭാഷകർക്കായി നൽകിയത്. ഒരു ലൈഫ് മിഷൻ വീട് നിർമ്മിക്കാൻ നൽകുന്നത് 4 ലക്ഷം രൂപയാണ്. 9 ലക്ഷം പേരാണ് ലൈഫ് മിഷൻ വീട് ലഭിക്കാൻ കാത്ത് കിടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *