KeralaNews

8 വര്‍ഷത്തെ പ്രണയം ഉപേക്ഷിച്ച്‌ കാമുകി; പണം തിരികെ ചോദിച്ച് യുവാവ്; ഭീഷണിയുമായി പുതിയ കാമുകൻ

തിരുവല്ല: മുൻ കാമുകിയുടെ ഇപ്പോഴത്തെ കാമുകനും കൂട്ടാളികളും വധഭീഷണി മുഴക്കുന്നുവെന്ന പരാതിയുമായി തിരുവല്ല കുറ്റൂർ സ്വദേശിയായ യുവാവ്. വീട്ടിലും ജോലി സ്ഥലത്തും പിന്നാലെ കൂടി ഒരുസംഘം അപായപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് യുവാവ് പറയുന്നു. തന്നെ കബളിപ്പിച്ച്‌ കാമുകി കൊണ്ടുപോയ മൂന്ന് ലക്ഷത്തോളം രൂപ തിരികെ കിട്ടാൻ, പൊലീസില്‍ പരാതി കൊടുത്ത ശേഷമാണ് ഭീഷണി ശക്തമായതെന്നും രതീഷ്കുമാർ പറയുന്നു.

രതീഷിന്‍റെ പരാതി ഇങ്ങനെ- ബസ് കണ്ടക്ടറായി ജോലി നോക്കിയിരുന്ന കാലം മുതല്‍ എട്ടു വർഷം ഒരു പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നു. ഈ അടുത്തകാലത്ത് വിവാഹം കഴിക്കാൻ താല്‍പര്യമില്ലെന്ന് അറിയിച്ച്‌ പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്മാറി. പലപ്പോഴായി മൂന്ന് ലക്ഷത്തോളം രൂപ അവർ വാങ്ങിയിട്ടുണ്ട്. ഇതുതിരികെ ചോദിച്ചത് മുതല്‍ ഭീഷണിയാണ്. ഭീഷണിപ്പെടുത്തുന്നതാവട്ടെ പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ കാമുകനും സംഘവും.

യുവാവിൻ്റെ തിരുവല്ല കുറ്റൂരിലെ വീട്ടിലും ഇപ്പോള്‍ നടത്തുന്ന ബാർബർ ഷോപ്പിലും ഭീഷണിയുമായി ഒരു സംഘം ആളുകളുമെത്തി. അതേസമയം രതീഷിനെയും മുൻ കാമുകിയെയും സ്റ്റേഷനില്‍ വിളിച്ച്‌ ചർച്ച നടത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിൻ്റെ അടിസ്ഥാനത്തില്‍ പകുതി പണം യുവതി തിരികെ കൊടുത്തതായും ബാക്കി ഉടൻ നല്‍കുമെന്ന ധാരണയില്‍ പ്രശ്നം പരിഹരിച്ചതാണെന്നും കോയിപ്രം പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *