
ദേശീയപാത തകർച്ച: നിർമാണ കമ്പനിയെ വിലക്കി കേന്ദ്രം; കെ.എൻ.ആർ കൺസ്ട്രക്ഷൻസിനെതിരെ നടപടി
ന്യൂഡൽഹി: മലപ്പുറം കൂരിയാട് നിർമ്മാണത്തിലിരുന്ന ആറുവരി ദേശീയപാതയുടെ ഒരു ഭാഗം തകർന്ന സംഭവത്തിൽ, നിർമ്മാണക്കരാറുകാരായ കെ.എൻ.ആർ കൺസ്ട്രക്ഷൻസ് ലിമിറ്റഡ് കമ്പനിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിലക്കേർപ്പെടുത്തി.
ദേശീയപാത തകർച്ചയെക്കുറിച്ച് അന്വേഷിച്ച വിദഗ്ധ സമിതി സമർപ്പിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയപാത അതോറിറ്റിയുടെ ഈ നിർണായക നടപടി.
ഈ വിലക്ക് നിലവിൽ വന്നതോടെ, കെ.എൻ.ആർ കൺസ്ട്രക്ഷൻസിന് ഭാവിയിലുള്ള ദേശീയപാത നിർമ്മാണ കരാറുകളിൽ പങ്കെടുക്കാൻ സാധിക്കില്ല. നിർമ്മാണത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന കൺസൾട്ടിങ് സ്ഥാപനമായ ഹൈവേ എഞ്ചിനീയറിങ് കമ്പനിക്കും വിലക്ക് ബാധകമാക്കിയിട്ടുണ്ട്. കൂടാതെ, ഇരു കമ്പനികളിലെയും രണ്ട് വീതം ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മേയ് 19-നാണ് മലപ്പുറം കൂരിയാട് വയൽ മണ്ണിട്ടുയർത്തി നിർമ്മിച്ചുകൊണ്ടിരുന്ന ആറുവരിപ്പാതയും സമീപത്തെ സർവീസ് റോഡും വലിയ ഗർത്തം രൂപപ്പെട്ട് തകർന്നുവീണത്. അപകടസമയത്ത് സർവീസ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് കാറുകൾ തകരുകയും കാറുകളിലുണ്ടായിരുന്ന നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കോഴിക്കോട്ടുനിന്ന് തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് ഈ തകർച്ചയുണ്ടായത്.
ആദ്യം വയൽ നികത്തി നിർമ്മിച്ച സർവീസ് റോഡ് ഇടിഞ്ഞുതാഴുകയും, പിന്നാലെ ഏറെ ഉയരത്തിൽ നിർമ്മിച്ച ദേശീയപാതയുടെ സംരക്ഷണഭിത്തി ഉൾപ്പെടെ സർവീസ് റോഡിലേക്ക് പതിക്കുകയുമായിരുന്നു. നിർമ്മാണപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്ന ഒരു മണ്ണുമാന്തി യന്ത്രവും രൂപപ്പെട്ട കുഴിയിലേക്ക് മറിഞ്ഞുവീണു.