Kerala

ഇക്കുറി പെൻഷൻ കൂടില്ല ; ഉള്ളത് കൃത്യമായി നൽകാൻ ശ്രമിക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ജനപ്രിയ ബജറ്റ് എന്ന വെല്ലുവിളിയായിരുന്നു ധനമന്ത്രി കെ എൻ ബാലഗോപാലിനും സംസ്ഥാന സർക്കാരിനും മുന്നിൽ ഉണ്ടായിരുന്നത്.

ക്ഷേമപെൻഷൻ അടക്കം വർദ്ധിപ്പിക്കുമോ എന്നതായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്. ബജറ്റ് പ്രഖ്യാപനം വന്നപ്പോൾ, ക്ഷേമ പെൻഷനിൽ വർദ്ധനയുണ്ടാകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി കടുത്ത സാഹചര്യത്തിലാണ് പെൻഷൻ തുക വർദ്ധിപ്പിക്കാത്തതെന്നും മന്ത്രി വിശദീകരിച്ചു.

നിലവിലുള്ള സാമൂഹിക ക്ഷേമപെൻഷൻ കൃത്യമായി നൽകാനുള്ള ശ്രമങ്ങളിലാണ് സർക്കാർ. അവിടെയും കേന്ദ്രസർക്കാരിനെ പഴിചാരിയാണ് മന്ത്രിയുടെ വിശദീകരണം. പെൻഷൻ തുക നൽകാൻ സംസ്ഥാന സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും കേന്ദ്രസർക്കാറിന്റെ ചില നടപടികൾ വഴിമുടക്കുന്നു എന്നാണ് ധനമന്ത്രി പറയുന്നത്.

സംസ്ഥാനത്ത് 62 ലക്ഷം പേരാണ് സാമൂഹിക ക്ഷേമ പെൻഷൻ വാങ്ങുന്നത്. ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുമെന്ന് കഴിഞ്ഞയാഴ്ച ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കേന്ദ്രം വെട്ടിയ 57400 കോടി രൂപ ലഭിച്ചാൽ 2500 ആക്കി ക്ഷേമപെൻഷൻ ഉയർത്തുമെന്നായിരുന്നു ധനമന്ത്രിയുടെ വാദം.

എന്തായാലും ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് ക്ഷേമ പെൻഷനിൽ വർദ്ധന ഉണ്ടാകില്ലെന്ന് ബജറ്റ് പ്രഖ്യാപനത്തോടെ ഉറപ്പായി.

Leave a Reply

Your email address will not be published. Required fields are marked *