CinemaEducationNews

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകത്തിൽ; സിലബസിൽ ഉൾപ്പെടുത്തി മഹാരാജാസ് കോളേജ്

കൊച്ചി: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജീവിതം ഇനി മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾക്ക് പഠനവിഷയം. രണ്ടാം വർഷ ചരിത്ര വിദ്യാർത്ഥികളുടെ ‘മലയാള സിനിമയുടെ ചരിത്രം’ എന്ന കോഴ്സിലാണ് മമ്മൂട്ടിയുടെ ജീവചരിത്രം പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിരിക്കുന്നത്. കോളേജിന്റെ പൂർവ്വ വിദ്യാർത്ഥികൂടിയായ മമ്മൂട്ടി, തങ്ങളുടെ അഭിമാനമാണെന്നും അദ്ദേഹത്തെ അടയാളപ്പെടുത്താതെ കോളേജിന്റെ ചരിത്രം പൂർണ്ണമാകില്ലെന്നും പ്രിൻസിപ്പൽ ഡോ. ഷജില പറഞ്ഞു.

കേരളത്തിന്റെ സാംസ്കാരിക ചരിത്രം പഠിപ്പിക്കുന്ന കോഴ്സിന്റെ ഭാഗമായാണ് പുതിയ കൂട്ടിച്ചേർക്കൽ. ഓരോ വകുപ്പിനും അവരുടെ കോഴ്സുകൾ പ്രാദേശികവും സാംസ്കാരികവുമായി പ്രാധാന്യമുള്ള വിഷയങ്ങൾ ഉൾപ്പെടുത്തി ഡിസൈൻ ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. “മലയാള സിനിമയുടെ ചരിത്രത്തെക്കുറിച്ച് പറയുമ്പോൾ മമ്മൂട്ടിയുടെ പേരില്ലാതെ അത് പൂർണ്ണമാകില്ല. അദ്ദേഹം മഹാരാജാസിന്റെ ഭാഗമാണ്, അത് ഞങ്ങളുടെ അഭിമാനവുമാണ്,” പ്രിൻസിപ്പൽ വ്യക്തമാക്കി.

മമ്മൂട്ടിയെ കൂടാതെ, കോളേജിന്റെ ചരിത്രത്തിൽ ഇടംപിടിച്ച മറ്റ് പ്രമുഖരെയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയിലെ ഏക ദളിത് വനിതയും മഹാരാജാസിലെ പൂർവ്വ വിദ്യാർത്ഥിനിയുമായിരുന്ന ദാക്ഷായണി വേലായുധന്റെ ജീവിതം ബിഎ ഓണേഴ്സ് ചരിത്ര വിദ്യാർത്ഥികൾക്ക് പഠിക്കാനുണ്ട്. സാമൂഹിക പരിഷ്കർത്താവായ പണ്ഡിറ്റ് കറുപ്പൻ, മഹാരാജാസ് കോളേജിലെ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ആദ്യ പ്രിൻസിപ്പലായ പ്രൊഫ. പി.എസ്. വേലായുധൻ എന്നിവരും സിലബസിന്റെ ഭാഗമാണ്.