Kerala Government News

അവധി ഒരു അവകാശമല്ല; വിദേശത്ത് ജോലി ചെയ്യാൻ അഞ്ചുവർഷം വരെ ശൂന്യവേതന അവധി: മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് അനുവദിക്കേണ്ട അവധിയുടെ ആവശ്യകതയും യോഗ്യതയും പരിശോധിച്ച് കേരള സർവ്വീസ് ചട്ടങ്ങൾ അടിസ്ഥാനമാക്കിയാണ് ദീർഘകാല അവധി അനുവദിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

ദീർഘകാല അവധി അനുവദിക്കുന്നതിൽ കേരള സർവ്വീസ് ചട്ടങ്ങൾ പ്രകാരം ഏതെങ്കിലും വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പ്രത്യേക നിയന്ത്രണമേർപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും കേരള സർവ്വീസ് ചട്ടങ്ങൾ, ഭാഗം ഒന്ന്, ചട്ടം 65 പ്രകാരം അവധി ഒരു അവകാശമല്ല എന്ന് നിഷ്‌കർഷിച്ചിട്ടുള്ളതിനാൽ വകുപ്പിലെ സാഹചര്യങ്ങൾ വിലയിരുത്തി ദീർഘകാല അവധി അനുവദിക്കുന്നതിൽ അവധി അനുവദിക്കുന്ന അധികാരികൾക്ക് ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താവുന്നതാണ്.

നിലവിൽ വിദേശത്ത് ജോലി ചെയ്യുന്നവർക്ക് പി.എസ്.സി. മുഖേന ജോലി ലഭിക്കുന്ന പക്ഷം കേരള സർവ്വീസ് ചട്ടങ്ങൾ, ഭാഗം ഒന്ന്, അനുബന്ധം XII-A ലെ വ്യവസ്ഥകൾക്ക് വിധേയമായി വിദേശത്ത് ജോലി ചെയ്യുന്നതിന് പരമാവധി അഞ്ചു വർഷം വരെ ശൂന്യവേതന അവധി അനുവദനീയമാണെന്നും പി.ടി.എ റഹീം എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.