
10 കോടി പ്രതിഫലം, ഹിറ്റായി ‘മാർക്കോ’; എന്നിട്ടും പുതിയ സിനിമകളില്ലാതെ ഉണ്ണി മുകുന്ദൻ, കാരണം എന്ത്?
കൊച്ചി: ‘മാളികപ്പുറം’, ‘മാർക്കോ’ തുടങ്ങിയ സൂപ്പർഹിറ്റുകളിലൂടെ താരപദവി ഉറപ്പിച്ച നടൻ ഉണ്ണി മുകുന്ദന്റെ കരിയറിൽ അനിശ്ചിതത്വം. ‘മാർക്കോ’ റിലീസ് ചെയ്ത് ആറ് മാസം പിന്നിട്ടിട്ടും താരം പുതിയൊരു മലയാള സിനിമയ്ക്കും ഒപ്പുവെച്ചിട്ടില്ലെന്ന വാർത്തകൾ ആരാധകരെ ആശങ്കയിലാഴ്ത്തുകയാണ്. സഹപ്രവർത്തകരുമായുള്ള പ്രശ്നങ്ങളും ഉയർന്ന പ്രതിഫലവുമാണ് ഇതിന് കാരണമെന്നാണ് സിനിമാ വൃത്തങ്ങളിൽ നിന്നുള്ള സൂചന.
2024 ഡിസംബർ 20-നാണ് ഉണ്ണിക്ക് സൂപ്പർതാര പരിവേഷം നൽകിയ ‘മാർക്കോ’ റിലീസ് ചെയ്തത്. ഇതിന് ശേഷം നടന്റെ പുതിയ പ്രോജക്ടുകളൊന്നും പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ, ഉണ്ണി മുകുന്ദന്റെ ഫാൻസ് പേജിൽ വന്ന ഒരു അറിയിപ്പ് ചർച്ചയായിരുന്നു. “ഉണ്ണിയേട്ടൻ മലയാളത്തിൽ ഒരു ചിത്രത്തിനും ഒപ്പുവച്ചിട്ടിട്ടില്ല. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളുടെ അപ്ഡേറ്റ്സ് ഒഫീഷ്യൽ പേജിലൂടെ എത്തുന്നതായിരിക്കും,” എന്നായിരുന്നു കുറിപ്പ്. ‘മാർക്കോ’ ടീമിന്റെ അടുത്ത ചിത്രത്തിൽ ഉണ്ണിയുണ്ടെന്ന പ്രചരണങ്ങളെയും ഇവർ തള്ളിക്കളഞ്ഞു.
പിന്നിൽ പിണക്കങ്ങളോ?
‘മാർക്കോ’ സിനിമയുടെ നിർമ്മാതാവ് ഷരീഫ് മുഹമ്മദും ഉണ്ണി മുകുന്ദനും സമൂഹമാധ്യമങ്ങളിൽ പരസ്പരം ഫോളോ ചെയ്യുന്നില്ലെന്നും ഇരുവരും തമ്മിൽ തെറ്റിപ്പിരിഞ്ഞുവെന്നും ‘മറുനാടൻ മലയാളി’ റിപ്പോർട്ട് ചെയ്തിരുന്നു. മുൻപ് ഉണ്ണിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന സംവിധായകൻ വിഷ്ണു മോഹനുമായും താരം അകൽച്ചയിലാണെന്നും റിപ്പോർട്ടുകളുണ്ട്.
അടുത്തിടെ പുറത്തിറങ്ങിയ ‘ഗെറ്റ് സെറ്റ് ബേബി’ എന്ന സിനിമയിലെ നായിക നിഖില വിമലും ഉണ്ണിയും ഇൻസ്റ്റഗ്രാമിൽ പരസ്പരം ഫോളോ ചെയ്യുന്നില്ല. ഇതിനെല്ലാം പുറമെ, ഉണ്ണിയുടെ മുൻ മാനേജർ വിപിൻ കുമാർ താരത്തിനെതിരെ പരാതി നൽകുകയും, ഉണ്ണിയുടെ കരിയർ മോശം അവസ്ഥയിലാണെന്ന് മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.
പ്രതിഫലവും സമീപകാല ചിത്രങ്ങളും
ഒരു സിനിമയ്ക്ക് 10 കോടി രൂപയോളമാണ് ഉണ്ണി മുകുന്ദൻ വാങ്ങുന്ന പ്രതിഫലമെന്നാണ് സൂചന. ഇത് ശരിയാണെങ്കിൽ പൃഥ്വിരാജ്, ഫഹദ് ഫാസിൽ എന്നിവർക്കും മുകളിലാണ് ഉണ്ണിയുടെ സ്ഥാനം. എന്നാൽ, ‘മാളികപ്പുറം’, ‘മാർക്കോ’ എന്നിവയൊഴിച്ചാൽ കരിയറിൽ എടുത്തുപറയാൻ സമീപകാലത്ത് വലിയ ഹിറ്റുകളില്ല.
ഒടുവിൽ പുറത്തിറങ്ങിയ ‘ഗെറ്റ് സെറ്റ് ബേബി’ വലിയ പരാജയമായിരുന്നു. 9.99 കോടിക്ക് നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 3.85 കോടി രൂപ മാത്രമാണ് നേടിയത്. മുൻപ് പ്രഖ്യാപിച്ച ‘ബ്രൂസ്ലി’ എന്ന ബിഗ് ബജറ്റ് ചിത്രത്തെക്കുറിച്ചും ഇപ്പോൾ വിവരങ്ങളൊന്നുമില്ല. ഈ സാഹചര്യങ്ങളെല്ലാം താരത്തിന്റെ കരിയറിനെക്കുറിച്ച് ആശങ്കകൾ ഉയർത്തുകയാണ്.