News

‘എം.ടിയുടെ വിയോഗത്തോടെ സാഹിത്യലോകം കൂടുതൽ ദരിദ്രമായി’: രാഷ്ട്രപതി | MT Vasudevan Nair

സാഹിത്യത്തിലെ അതികായൻ എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. എം.ടിയുടെ വിയോഗത്തോടെ സാഹിത്യ ലോകം കൂടുതൽ ദരിദ്രമായിരിക്കുന്നു എന്ന് ദ്രൗപദി മുർമു എക്സിൽ കുറിച്ചു. .

‘പ്രശസ്ത മലയാള എഴുത്തുകാരനായ എം ടി വാസുദേവൻ നായരുടെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതൽ ദരിദ്രമായി. ഗ്രാമീണ ഇന്ത്യ അദ്ദേഹത്തിന്റെ രചനകളിൽ സജീവമായി. പ്രധാന സാഹിത്യ അവാർഡുകൾ നൽകി അദ്ദേഹത്തെ ആദരിച്ചു. സിനിമ മേഖലയ്ക്ക് നിസ്തുലമായ സംഭാവനയാണ് അദ്ദേഹം നൽകിയത്. അദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും അദ്ദേഹത്തിന്റെ വായനക്കാർക്കും ആരാധകർക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു’- രാഷ്ട്രപതി ദ്രൗപദി മുർമു കുറിച്ചു.

‘നിശ്ബദരാക്കപ്പെട്ടവർക്ക് ശബ്ദം നൽകിയ എം.ടി’: പ്രധാനമന്ത്രി

മലയാള സിനിമ-സാഹിത്യമേഖലയിലെ ബഹുമാന്യ പ്രതിഭയായ എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അതീവ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മനുഷ്യവികാരങ്ങളെ ആഴത്തിൽ പര്യവേക്ഷണം ചെയ്തുകൊണ്ട് രചിക്കപ്പെട്ട അദ്ദേഹത്തിന്റെ കൃതികൾ തലമുറകളെ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിച്ചുവെന്നും ഇനിയും ഒരുപാടുപേരെ പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി കുറിച്ചു. പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും നിശ്ബദരാക്കപ്പെട്ടവർക്കും അദ്ദേഹം ശബ്ദം നൽകി. കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കുറിച്ചു.

ബുധനാഴ്ച രാത്രി പത്ത് മണിക്കാണ് എം.ടി. വാസുദേവൻ നായർ വിട പറഞ്ഞത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മരണസമയത്ത് മകൾ അശ്വതിയും ഭർത്താവ് ശ്രീകാന്തും കൊച്ചുമകൻ മാധവും സമീപത്തുണ്ടായിരുന്നു. എം.ടിയുടെ വേർപാടിൽ അനുശോചിച്ച് സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *