
ലോകകപ്പ് ജേതാക്കളായ അർജൻ്റിനീയൻ ഫുട്ബോള്‍ ടീമും ലയണല്‍ മെസിയും കേരളത്തിൽ എത്തുന്നതിൽ അവ്യക്തത തുടരുന്നു. മെസ്സി വരും, അതിൽ ഒരു സംശയവും വേണ്ട, എതിർ ടീം ആരെന്നത് ഒരാഴ്ചയ്ക്കുള്ളിൽ അറിയാമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞത് മെയ് 19 ന് . രണ്ടാഴ്ച കഴിഞ്ഞിട്ടും കായിക മന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്താത്തതിന്റെ ആശങ്കയിലാണ് ഫുട്ബോൾ പ്രേമികൾ.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ് മെസിയെ കേരളത്തിലേക്ക് എത്തിക്കുന്നതിൽ അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി കരാർ മുന്നോട്ട് വെച്ചത്. മെസിയും സംഘവും കേരളത്തില്‍ എത്തും. ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും. കരാര്‍ പ്രകാരം തുടര്‍നടപടികളുമായി മുന്നോട്ട് പോകാന്‍ റിപ്പോര്‍ട്ടറിന് എഎഫ്എ അനുമതി നല്‍കിയെന്നായിരുന്നു മെയ് 18 ന് സ്പോൺസർ കമ്പനി പറഞ്ഞത്.
രണ്ടാഴ്ച കഴിഞ്ഞിട്ടും സ്പോൺസർ കമ്പനിയും ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നില്ല.
2022 ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്ക് കേരളത്തിൽ നിന്ന് ലഭിച്ച വലിയ പിന്തുണയ്ക്ക് ടീം നന്ദി അറിയിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ അവരെ കേരളത്തിലേക്ക് ക്ഷണിച്ചത്. സൂപ്പർ താരങ്ങൾ ഉൾപ്പെടുന്ന ടീമിനെ കൊണ്ടുവരാനുള്ള വലിയ സാമ്പത്തിക ബാധ്യത സർക്കാരിന് മുന്നിലുണ്ടായിരുന്നു.
പിന്നീട് എച്ച്.എസ്.ബി.സി പ്രധാന സ്പോൺസർമാരായി വരുമെന്നും ടീമിനെ എത്തിക്കുമെന്നും മന്ത്രി അറിയിക്കുകയായിരുന്നു. ഇതിന് മുമ്പ് 2011ലാണ് അർജന്റീന അവസാനമായി ഇന്ത്യയിലെത്തിയത്. അന്ന് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെനസ്വേലയെ ഏകപക്ഷീയമായ ഒരു ഗോളിന് അവർ തോൽപ്പിച്ചിരുന്നു.