
എകെ-47 ഇനി പഴങ്കഥ; റഷ്യയുടെ പുതിയ അവതാരം ‘എകെ-12’നെക്കുറിച്ച് അറിയാം ഈ 7 കാര്യങ്ങൾ
ലോകമെമ്പാടും പതിറ്റാണ്ടുകളായി നിറഞ്ഞുനിന്ന എകെ-47, എകെ-74 തോക്കുകൾക്ക് പിൻഗാമിയായി റഷ്യൻ സൈന്യത്തിന്റെ ഔദ്യോഗിക റൈഫിളായി മാറിയ എകെ-12നെക്കുറിച്ച് അറിയാം. മെച്ചപ്പെട്ട കൃത്യത, എളുപ്പത്തിലുള്ള കൈകാര്യം, ആധുനിക യുദ്ധസാഹചര്യങ്ങൾക്ക് അനുയോജ്യമായ മാറ്റങ്ങൾ എന്നിവയാണ് എകെ-12നെ വ്യത്യസ്തമാക്കുന്നത്.

എകെ-12നെക്കുറിച്ചുള്ള 7 കാര്യങ്ങൾ
മെച്ചപ്പെട്ട ഡിസൈൻ: മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, ഉപയോഗിക്കുന്ന സൈനികന്റെ സൗകര്യത്തിനനുസരിച്ച് ക്രമീകരിക്കാവുന്ന ഷോൾഡർ സപ്പോർട്ട്, മികച്ച ഗ്രിപ്പുകൾ, മറ്റ് ഉപകരണങ്ങൾ ഘടിപ്പിക്കാനുള്ള എളുപ്പം എന്നിവ എകെ-12നുണ്ട്.
മോഡുലാർ ഡിസൈൻ: ബാരലുകൾ, കാലിബറുകൾ, ആക്സസറികൾ എന്നിവ വളരെ വേഗത്തിൽ മാറ്റാൻ കഴിയുന്ന മോഡുലാർ ഡിസൈനാണ് ഇതിന്റേത്. ഇത് ഏത് യുദ്ധസാഹചര്യത്തിലും ഈ തോക്കിനെ ബഹുമുഖമാക്കുന്നു.

കുറഞ്ഞ പരിപാലനം: കഠിനമായ സാഹചര്യങ്ങളിൽ പോലും, കുറഞ്ഞ പരിപാലനം മാത്രം ആവശ്യമുള്ളതും വൃത്തിയാക്കാൻ എളുപ്പമുള്ളതുമായ രീതിയിലാണ് എകെ-12ന്റെ നിർമ്മാണം.
കൃത്യതയും കുറഞ്ഞ റീകോയിലും: മെച്ചപ്പെട്ട സൈറ്റുകളും, വെടിവെക്കുമ്പോഴുള്ള ആഘാതം കുറയ്ക്കുന്ന പുതിയ സംവിധാനവും (recoil-dampening system) 600 മീറ്റർ വരെ ദൂരത്തിൽ മികച്ച കൃത്യത ഉറപ്പാക്കുന്നു.

കഠിനമായ പരീക്ഷണങ്ങൾ: റഷ്യൻ സൈന്യം ഔദ്യോഗികമായി അംഗീകരിക്കുന്നതിന് മുൻപ്, സൈബീരിയയിലെ കൊടുംതണുപ്പ് മുതൽ മരുഭൂമിയിലെ കടുത്ത ചൂട് വരെയുള്ള സാഹചര്യങ്ങളിൽ എകെ-12 വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്.
യുദ്ധമുഖത്തെ പ്രകടനം: യുക്രൈൻ യുദ്ധത്തിൽ എകെ-12 ഇതിനോടകം തന്നെ അതിന്റെ പ്രഹരശേഷി തെളിയിച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള അനുഭവങ്ങൾ തോക്കിനെ കൂടുതൽ മെച്ചപ്പെടുത്താൻ ഉപയോഗിക്കുന്നു.
എകെ-74ന്റെ പിൻഗാമി: എകെ-47ന് ശേഷം വന്ന, ഏറെ പ്രശസ്തമായ എകെ-74 റൈഫിളിന്റെ ഔദ്യോഗിക പിൻഗാമിയായാണ് എകെ-12നെ റഷ്യൻ സൈന്യം തിരഞ്ഞെടുത്തിരിക്കുന്നത്.