
എം.ടിക്ക് കണ്ണീരഞ്ജലിയോടെ വിടചൊല്ലി കേരളം; ഭൗതിക ശരീരം അഗ്നി ഏറ്റുവാങ്ങി
കോഴിക്കോട്: തൂലികകൊണ്ട് ലോക സാഹിത്യത്തില്‍ കഥാപ്രപഞ്ചം തീർത്ത വിഖ്യാത സാഹിത്യകാരൻ ഇനി ഓർമ. എം.ടി. വാസുദേവൻ നായരുടെ ഭൗതികശരീരം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡ് സ്മൃതിപഥത്തിൽ അന്ത്യകർമ്മങ്ങളും സംസ്‌കാരവും നടന്നു. എംടിയുടെ സഹോദരപുത്രൻ ടി. സതീശനാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
പത്രാധിപർ, ചലച്ചിത്രകാരൻ, നാടകകൃത്ത്, സാഹിത്യസംഘാടകൻ എന്നിങ്ങനെ കൈവെച്ച മേഖലകളിലെല്ലാം സുവർണമുദ്ര പതിപ്പിച്ച ആ യുഗം ഇനി ഓർമ. ബുധനാഴ്ച രാത്രി പത്തോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു എം.ടി.യുടെ മരണം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. മരണസമയത്ത് മകൾ അശ്വതിയും ഭർത്താവ് ശ്രീകാന്തും കൊച്ചുമകൻ മാധവും സമീപത്തുണ്ടായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് 4.15-ഓടെ എം.ടി. അവസാനമായി ‘സിതാര’യുടെ പടിയിറങ്ങി. കൊട്ടാരം റോഡ്, നടക്കാവ്, ബാങ്ക് റോഡ്, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് വഴി മാവൂർ റോഡിലെ പൊതുശ്മശാനത്തിലേക്ക്. ഭൗതികശരീരം വഹിച്ച് വീട്ടിൽനിന്ന് ആംബുലൻസ് പുറപ്പെടുന്നതുവരേയും ‘സിതാര’യിലേക്ക് ജനം ഒഴുകിയെത്തി. മലയാളത്തിന്റെ പ്രിയസാഹിത്യകാരനെ ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും വഴിനീളെ ആളുകൾ കാത്തുനിന്നു.
1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു എം.ടിയുടെ ജനനം. പുന്നയൂർക്കുളം ടി. നാരായണൻ നായരും അമ്മാളുഅമ്മയുമാണ് മാതാപിതാക്കൾ. നാല് ആൺമക്കളിൽ ഇളയ മകൻ. മലമക്കാവ് എലിമെന്ററി സ്‌കൂൾ, കുമരനെല്ലൂർ ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജിൽനിന്ന് 1953-ൽ രസതന്ത്രത്തിൽ ബിരുദം നേടി. കുറച്ചുകാലം അധ്യാപകൻ. തുടർന്ന് 1956-ൽ മാതൃഭൂമിയിൽ സബ് എഡിറ്ററായി, 1968-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. 1981-ൽ ആ സ്ഥാനം രാജിവെച്ചു. 1989-ൽ പീരിയോഡിക്കൽസ് എഡിറ്റർ എന്ന പദവിയിൽ തിരികെ മാതൃഭൂമിയിലെത്തി. 1999-ൽ മാതൃഭൂമിയിൽനിന്ന് വിരമിച്ചശേഷം കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചു. നിലവിൽ തുഞ്ചൻ സ്മാരക സമിതിയുടെ അധ്യക്ഷനായിരുന്നു.