InternationalNews

പുടിൻ പുറത്താക്കി, പിന്നാലെ മരണം; മുൻ റഷ്യൻ മന്ത്രിയുടെ ആത്മഹത്യക്ക് പിന്നിൽ 100 കോടിയുടെ അഴിമതിയോ?

മോസ്കോ: റഷ്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച്, പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഗതാഗത മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കി മണിക്കൂറുകൾക്കകം മുൻ മന്ത്രി റൊമാൻ സ്റ്റാർവോയിറ്റിനെ മരിച്ച നിലയിൽ കണ്ടെത്തി. മോസ്കോയ്ക്ക് പുറത്തുള്ള ഒഡിൻസോവയിലെ ഒരു കാറിൽ വെടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, കുർസ്ക് ഗവർണറായിരുന്ന കാലത്തെ 100 കോടി റൂബിളിന്റെ (ഏകദേശം 95 കോടി ഇന്ത്യൻ രൂപ) അഴിമതി കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് മരണത്തിന് പിന്നിലെന്ന റിപ്പോർട്ടുകൾ സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു.

റഷ്യൻ ദിനപത്രമായ ‘കൊമ്മേഴ്‌സാന്റ്’ ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. സ്റ്റാർവോയിറ്റിന്റെ മരണം ആത്മഹത്യയാണെന്ന് സ്റ്റേറ്റ് ഡുമയുടെ പ്രതിരോധ സമിതി തലവൻ ആന്ദ്രേ കാർത്തപ്പോളോവും സ്ഥിരീകരിച്ചു.

അഴിമതിയുടെ ചുരുളഴിയുമ്പോൾ

കുർസ്ക് ഗവർണറായിരുന്ന കാലത്ത്, ഉക്രൈനുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് പ്രതിരോധ കോട്ടകൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ബില്യൺ റൂബിളിലധികം തട്ടിയെടുത്തുവെന്ന കേസിലാണ് സ്റ്റാർവോയിറ്റിന്റെ പങ്ക് സംശയിക്കുന്നത്. ഈ കേസിൽ, സ്റ്റാർവോയിറ്റിന്റെ മുൻ ഡെപ്യൂട്ടിയും ഇപ്പോഴത്തെ കുർസ്ക് ഗവർണറുമായ അലക്സി സ്മിർനോവ് നിലവിൽ പ്രീ-ട്രയൽ തടങ്കലിലാണ്. സ്മിർനോവ്, സ്റ്റാർവോയിറ്റിനെതിരെ മൊഴി നൽകിയിട്ടുണ്ടെന്ന് റഷ്യൻ മാധ്യമമായ ‘112’ റിപ്പോർട്ട് ചെയ്തു.

സ്റ്റാർവോയിറ്റിനെതിരെ ഔദ്യോഗികമായി കുറ്റം ചുമത്തിയിരുന്നില്ലെങ്കിലും, അന്വേഷണ സംഘത്തിന്റെ നിരീക്ഷണ വലയത്തിലായിരുന്നു അദ്ദേഹം. കേസ് കൂടുതൽ ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത പുറത്താക്കലും മരണവും. 2019 മുതൽ 2024 വരെ ഉക്രൈൻ അതിർത്തിയിലെ തന്ത്രപ്രധാനമായ കുർസ്ക് മേഖലയുടെ ഗവർണറായിരുന്നു റൊമാൻ സ്റ്റാർവോയിറ്റ്.