Malayalam Media LIve

റിപ്പോ 6.5 ശതമാനമായി തുടരും: തുടർച്ചയായ പത്താം തവണയും പലിശ നിരക്കുകളില്‍ മാറ്റമില്ല

പലിശ നിരക്കുകളിൽ ഇത്തവണയും മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. തുടർച്ചയായ പത്താം തവണയും മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) പ്രധാന റിപ്പോ നിരക്ക് 6.5% ആയി നിലനിർത്താൻ തീരുമാനിച്ചു. 6 അംഗ എംപിസിയിലെ അഞ്ച് അംഗങ്ങൾ പോളിസി റിപ്പോ നിരക്ക് മാറ്റമില്ലാതെ 6.5% ആയി നിലനിർത്തുന്നതിന് അനുകൂലമായി വോട്ട് ചെയ്തുവെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്, അറിയിച്ചു.

സ്ഥൂല സാമ്പത്തിക വ്യവസ്ഥകളും ഭാവി വീക്ഷണവും വിലയിരുത്തിയത്തിന് പിന്നാലെയാണ് സമിതിയിലെ 5 അംഗങ്ങൾ ഒരേപോലെ വോട്ട് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. വായ്പാ, ഇ.എം.ഐ എന്നിവയുള്ള സാധാരണക്കാർക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്.

വായ്പാ, ഇ.എം.ഐ എന്നിവയുള്ളവര്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണ്. സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) നിരക്ക് 6.25%, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംസിഎഫ്), ബാങ്ക് നിരക്ക് എന്നിവ 6.75% ആയി തുടരുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ അനുമാനം 7.2 ശതമാനമായി കണക്കാക്കുമ്പോൾ പണപ്പെരുപ്പ നിരക്ക് 4.5 ശതമാനമായും നില‍നിര്‍ത്തി. ഒന്നാം പാദത്തിൽ ജിഡിപി 6.7% വളർച്ച കൈവരിച്ചതായി അദ്ദേഹം വ്യക്തമാക്കി.

ഈ സുസ്ഥിരമായ സമീപനം മൊത്തത്തിലുള്ള സ്ഥിരതയെ പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല, പണപ്പെരുപ്പം നിയന്ത്രണത്തിൽ നിലനിർത്തിക്കൊണ്ട് സാമ്പത്തിക ആക്കം കൂട്ടുന്നുവെന്ന് അഷർ ഗ്രൂപ്പിൻ്റെ വിപിയും ഫിനാൻസ് മേധാവിയുമായ ധർമേന്ദ്ര റായ്ചുറ പറഞ്ഞു.

ഉപഭോക്തൃ വില സൂചിക (സിപിഐ) പണപ്പെരുപ്പം നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ 4.1% ആയിരിക്കും. മൂന്നാം പാദത്തിൽ ഇത് 4.8 ശതമാനമായി ഉയരുമെന്നും നാലാം പാദത്തിൽ 4.2 ശതമാനമായി കുറയുമെന്നും പ്രതീക്ഷിക്കുന്നു. മുന്നോട്ട് നോക്കുമ്പോൾ, FY26 ൻ്റെ ആദ്യ പാദത്തിലെ CPI പണപ്പെരുപ്പം 4.3% ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *