
എംആർ അജിത് കുമാറിന് കനത്ത തിരിച്ചടി; വിജിലൻസിന്റെ ക്ലീൻ ചിറ്റ് റിപ്പോർട്ട് കോടതി തള്ളി
തിരുവനന്തപുരം: സംസ്ഥാന പോലീസിലെ ഉന്നത ഉദ്യോഗസ്ഥനായ എഡിജിപി എം.ആർ. അജിത് കുമാറിന് അനധികൃത സ്വത്ത് സമ്പാദന കേസിൽ കനത്ത തിരിച്ചടി. കേസിൽ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് വിജിലൻസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി തള്ളി. സർക്കാർ നേരത്തെ അംഗീകരിച്ച റിപ്പോർട്ടാണ് കോടതി പൂർണ്ണമായി തള്ളിക്കളഞ്ഞത്. ഇതോടെ കേസിന്റെ തുടർനടപടികൾ കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും നടക്കുക.
വിജിലൻസ് ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് എഡിജിപിക്ക് ക്ലീൻ ചിറ്റ് നൽകിയത്. എന്നാൽ, കേസ് ഡയറിയും സാക്ഷിമൊഴികളും വിശദമായി പരിശോധിച്ച കോടതി, വിജിലൻസിന്റെ കണ്ടെത്തലുകൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഈ മാസം 30-ന് പരാതിക്കാരന്റെ മൊഴി നേരിട്ട് രേഖപ്പെടുത്തുമെന്നും കോടതി അറിയിച്ചു. ഇനി മുതൽ കേസിലെ സാക്ഷിമൊഴികൾ ഉൾപ്പെടെയുള്ള നടപടികൾ കോടതി നേരിട്ടാകും രേഖപ്പെടുത്തുക.
എഡിജിപിയുടെ കീഴിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ തന്നെ കേസ് അന്വേഷിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് ക്ലീൻ ചിറ്റ് ലഭിച്ചതെന്നായിരുന്നു ഹർജിക്കാരന്റെ പ്രധാന വാദം. കവടിയാറിലെ ആഡംബര വീട് നിർമ്മാണത്തിന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി വഴിവിട്ട് സഹായിച്ചെന്നും, പട്ടത്തെയും കവടിയാറിലെയും ഭൂമി-ഫ്ലാറ്റ് ഇടപാടുകൾ ശരിയായി അന്വേഷിച്ചില്ലെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു.
മുൻ എംഎൽഎ പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. കരിപ്പൂർ സ്വർണക്കടത്തിൽ അജിത് കുമാറിന് പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിജിലൻസ് കണ്ടെത്തി. കവടിയാറിലെ വീട് നിർമ്മാണത്തിന് എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്തിട്ടുണ്ടെന്നും, കുറവൻകോണത്തെ ഫ്ലാറ്റ് മറിച്ചുവിറ്റത് സ്വാഭാവികമായ വിലവർദ്ധനവ് മൂലമാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ കണ്ടെത്തലുകളാണ് കോടതി ഇപ്പോൾ തള്ളിക്കളഞ്ഞിരിക്കുന്നത്.
കോടതിയുടെ അസാധാരണമായ ഈ ഇടപെടൽ, ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസുകളിൽ വിജിലൻസ് അന്വേഷണത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.