InternationalNewsSports

ചരിത്രത്തിൽ ഏറ്റവും വലിയ മെഡല്‍ക്കൊയ്ത്ത്; പാരീസില്‍ കരുത്ത് കാട്ടി ഇന്ത്യ

പാരീസ്: ചരിത്രത്തിലെ എക്കാലത്തെയും വലിയ മെഡല്‍ക്കൊയ്ത്തുമായി പാരീസില്‍ കരുത്തുകാട്ടുകയാണ് ഇന്ത്യ. 27ാമത്തെ മെഡലും അക്കൗണ്ടിലേക്കു ഇന്ത്യ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ എഫ്57 വിഭാഗത്തില്‍ ഹൊക്കാട്ടോ ഹൊട്ടോഷെ സെമയാണ് രാജ്യത്തിനു 27ാമത്ത മെഡല്‍ സമ്മാനിച്ചിരിക്കുന്നത്. ഈയിനത്തില്‍ മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത അദ്ദേഹം വെങ്കല മെഡലിനു അവകാശിയാവുകയായിരുന്നു.

നാഗാലാന്‍ഡില്‍ നിന്നുള്ള ഹൊട്ടോഷെ നാലാമത്തെ ത്രോയിലാണ് മെഡലുറപ്പിച്ചത്. 14.65 മീറ്റര്‍ എറിഞ്ഞാണ് അദ്ദേഹം മെഡല്‍ കഴുത്തിലണിഞ്ഞത്. താരത്തിൻ്റെ കരിയര്‍ ബെസ്റ്റ് ത്രോ കൂടിയാണിത്. ഇറാൻ്റെ യാസിന്‍ ഖൊസ്രാവിക്കാണ് ഈയിനത്തില്‍ സ്വര്‍ണം. പുതിയ പാരാലിംപിക് റെക്കോര്‍ഡ് കുറിച്ച അദ്ദേഹം 15.96 മീറ്ററാണ് എറിഞ്ഞത്. ബ്രസീലിൻ്റെ തിയാഗോ ഡോസ് സാൻോസ് പൗലിഞ്ഞോ 15.06 മീറ്റര്‍ എറിഞ്ഞ് വെള്ളിക്കും അവകാശിയായി.

ഹൊട്ടോഷെയെക്കൂടാതെ ഇന്ത്യക്കു വേണ്ടി സോമന്‍ റാണയെന്ന മറ്റൊരു പാരാ അത്‌ലറ്റ് കൂടി ഈയിനത്തില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ഏഷ്യന്‍ പാരാ ഗെയിംസിലെ വെള്ളി മെഡല്‍ വിജയി കൂടിയാണ് അദ്ദേഹം. അന്നു ഹൊട്ടോഷെയെ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളിയായിരുന്നു റാണയുടെ നേട്ടം. പക്ഷെ പാരീസില്‍ ഇതാവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല. 14.07 മീറ്റര്‍ എറിഞ്ഞ റാണയ്ക്കു നാലാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *