News

ഒരു പുസ്തക പരിഭാഷയ്ക്ക് 80 ലക്ഷം! നിയമസഭയുടെ ‘പൊന്നുംവിലയുള്ള’ പുസ്തകം; ഫണ്ട് പാസാക്കിയത് മിന്നൽ വേഗത്തിൽ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, കേരള നിയമസഭയുടെ ഒരു പുസ്തക പരിഭാഷാ പദ്ധതിക്കായി 80.40 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. ഭരണഘടനാ നിർമ്മാണ സഭയുടെ ചർച്ചകളുടെ മലയാള പരിഭാഷയുടെ ഒന്നാം വാല്യത്തിനാണ് ഈ ഭീമമായ തുക ചെലവഴിക്കുന്നത്. ക്ഷേമ പെൻഷനുകളും ജീവനക്കാരുടെ ആനുകൂല്യങ്ങളും മുടങ്ങിക്കിടക്കുമ്പോൾ, ഒരു പുസ്തകത്തിനായി ഇത്ര വലിയ തുക അനുവദിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

മിന്നൽ വേഗത്തിൽ ഫയൽ നീക്കം

പദ്ധതിയുടെ ചെലവുകൾക്കായി 78.40 ലക്ഷം രൂപ അധികമായി വേണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ധനമന്ത്രി കെ.എൻ. ബാലഗോപാലിനോട് ആവശ്യപ്പെട്ടത് ജൂൺ 19-നാണ്. സാധാരണ ഫയലുകൾ മാസങ്ങളോളം ഉറങ്ങുന്ന സെക്രട്ടേറിയറ്റിൽ, ഈ ഫയലിന് അംഗീകാരം ലഭിച്ചത് വെറും ഒറ്റ ദിവസം കൊണ്ടാണ്. ജൂൺ 20-ന് തന്നെ ധനവകുപ്പിൽ നിന്ന് പണം അനുവദിച്ച് ഉത്തരവിറങ്ങി.

Kerala Government Order Assembly debates translation

ഈ പദ്ധതിക്കായി ബജറ്റിൽ ആദ്യം വകയിരുത്തിയിരുന്നത് വെറും 2 ലക്ഷം രൂപയായിരുന്നു. ഇതിന് പുറമെയാണ് 78.40 ലക്ഷം രൂപ കൂടി അധികമായി അനുവദിച്ചത്. ഇതോടെ, ആകെ ചെലവ് 80.40 ലക്ഷമായി ഉയർന്നു.

വിവാദവും ചോദ്യങ്ങളും

മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ 24-ന് പ്രകാശനം ചെയ്യുന്ന ഈ പുസ്തകത്തിന്റെ ഭീമമായ ചെലവാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സാധാരണക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുന്ന സർക്കാർ, ഇത്തരം പദ്ധതികൾക്ക് കോടികൾ അനുവദിക്കുന്നതിലെ ഇരട്ടത്താപ്പാണ് പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്യുന്നത്. ഒരു പുസ്തക പരിഭാഷയ്ക്ക് ഇത്ര വലിയ തുക ആവശ്യമുണ്ടോ എന്ന ചോദ്യവും സാമൂഹിക മാധ്യമങ്ങളിൽ ശക്തമാണ്.