
ഐഎഎസുകാർക്ക് 9 ഗഡു ക്ഷാമബത്ത; ജീവനക്കാർക്ക് വെറും 3 ഗഡുവും: ധനമന്ത്രിയുടെ ‘ഇരട്ടത്താപ്പ്’ ചർച്ചയാകുന്നു
ധനമന്ത്രി കെ.എൻ. ബാലഗോപാൽ സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കുന്നതിൽ ഇരട്ടനീതി കാണിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു. ഓൾ ഇന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥരായ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥർക്ക് കൃത്യമായി ക്ഷാമബത്ത അനുവദിക്കുമ്പോൾ സ സർക്കാർ ജീവനക്കാർക്ക് ഇത് നിഷേധിക്കപ്പെടുന്നതാണ് വിമർശനങ്ങൾക്ക് വഴിവെക്കുന്നത്.
ബാലഗോപാൽ ധനമന്ത്രിയായ ശേഷം ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഒമ്പത് ഗഡു ക്ഷാമബത്തയാണ് അനുവദിച്ചത്. ഇതിന്റെ കുടിശ്ശിക പണമായി നൽകുകയും ചെയ്തു. എന്നാൽ, ഇതേ കാലയളവിൽ സ സർക്കാർ ജീവനക്കാർക്ക് ലഭിച്ചത് വെറും മൂന്ന് ഗഡു ക്ഷാമബത്ത മാത്രമാണ്. ഇതിന്റെ കുടിശ്ശികയും നൽകിയിട്ടില്ല. ഇത് വഴി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് ജീവനക്കാർക്ക് സംഭവിച്ചിരിക്കുന്നത്.
2022 ജനുവരി പ്രാബല്യത്തിലെ ക്ഷാമബത്തയാണ് ജീവനക്കാർക്ക് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. 2022 ജൂലൈ മുതൽ പ്രാബല്യത്തിൽ വരേണ്ട മൂന്ന് ശതമാനം ക്ഷാമബത്ത അനുവദിക്കാനുള്ള ഫയൽ രണ്ടാഴ്ചയായി ധനമന്ത്രിയുടെ ഓഫീസിലാണ്. ഇതുവരെ ഇതിൽ തീരുമാനമെടുത്തിട്ടില്ല.
ഐഎഎസ് ഉദ്യോഗസ്ഥരുടെ ക്ഷാമബത്ത ഫയലുകളിൽ മിന്നൽവേഗത്തിൽ തീരുമാനമെടുക്കുന്ന ധനമന്ത്രി ജീവനക്കാരുടെ കാര്യത്തിൽ മനഃപൂർവം മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നുവെന്നാണ് ജീവനക്കാർക്കിടയിലെ പ്രധാന ആരോപണം. ജുഡീഷ്യൽ ഓഫീസർമാർ, പിഎസ്സി ചെയർമാൻ, അംഗങ്ങൾ എന്നിവർക്കും കൃത്യമായി ക്ഷാമബത്ത അനുവദിക്കുന്നുണ്ട്.