Kerala Government News

ജീവനക്കാരുടെ യാത്രാബത്തയിൽ മുന്നറിയിപ്പുമായി കെ.എൻ. ബാലഗോപാൽ

സർക്കാർ ജീവനക്കാർക്കുള്ള യാത്രബത്തയിൽ കർശന നിർദ്ദേശവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2016 ൽ നിശ്ചയിച്ചിട്ടുള്ള തുകയിൽ തന്നെ യാത്ര ചെയ്യണമെന്നാണ് ധനവകുപ്പ് സർക്കുലർ. അതിലപ്പുറം വരുന്ന ആവശ്യങ്ങൾക്ക് സ്വന്തം പോക്കറ്റിൽ നിന്ന് കാശെടുത്ത് യാത്ര നടത്തേണ്ട അവസ്ഥയിലായിരിക്കുകയാണ് ജീവനക്കാർ.

2016ലാണ് അവസാനമായി ജീവനക്കാരുടെ യാത്രാബത്ത പരിധി നിശ്ചയിച്ചിട്ടുള്ളത്. ഇതിന് ശേഷം, 2021 ലെ ശമ്പള പരിഷ്‌കരണത്തിനു ശേഷവും ജീവനക്കാർ യാത്ര ചെയ്യേണ്ടത് 2016 ലെ അതേ നിരക്കിലാണ്. 2024 ലും ഉത്തരവിൽ മാറ്റമില്ല.

യാത്രാബത്ത പരിധിയിൽ കടുത്ത മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സർക്കാർ. 2016 ൽ നിശ്ചയിച്ചിട്ടുള്ളതിൽ കൂടുതൽ ഒരു തുക പോലും അനുവദിക്കരുതെന്ന കർശന നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ധനവകുപ്പ്. ഡിസംബർ ആറിനാണ് ഇതുസംബന്ധിച്ച സർക്കുലർ ഇറങ്ങിയിരിക്കുന്നത്.

Kerala government employees travel allowance government circular

സർക്കുലറിൽ പറയുന്നത് ഇങ്ങനെ:

സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക യാത്രകൾക്ക് യാത്രാബത്ത അനുവദിക്കുന്നതിൽ പ്രതിമാസ/ത്രൈമാസ പരിധി നിശ്ചയിച്ചുകൊണ്ട് പരാമർശം (1) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പരാമർശം (2), (3) ഉത്തരവുകൾ പ്രകാരം യാത്രാബത്ത പരിധിയിൽ നിന്നും സ്ഥിരമായി ഒഴിവാക്കപ്പെട്ടതോ/ഒറ്റത്തവണ ഒഴിവാക്കപ്പെട്ടവരോ ആയ എല്ലാ ജീവനക്കാരും പ്രതിമാസ/ത്രൈമാസ യാത്രാബത്ത പരിധിക്ക് പുറത്ത് വരുന്ന ക്ലെയിമുകളിൽ യാത്രാബത്ത പരിധിയിൽ നിന്നു ഒഴിവാക്കുന്നതിനായി സമർപ്പിക്കുന്ന എല്ലാ യാത്രാബത്ത ക്ലെയിമുകളോടൊപ്പവും ഔദ്യോഗിക യാത്ര നടത്തിയതിന്റെ ആധികാരികത ഉറപ്പു വരുത്തുന്നതിനായി ട്രെയിൻ/വ്യോമ/ബസ് യാത്ര നടത്തിയതിന്റെ യഥാർത്ഥ യാത്രാ ടിക്കറ്റ് കൂടി സമർപ്പിക്കേണ്ടതാണെന്ന് നിഷ്‌ക്കർഷിച്ചിട്ടുണ്ട്.

യാത്രാബത്ത പരിധിയിൽ നിന്നും ഒഴിവാക്കുന്ന ക്ലെയിമുകളിൽ യാത്ര നടത്തിയതിന്റെ ആധികാരികത ഉറപ്പ് വരുത്തുന്നതിനായാണ് യാത്ര ടിക്കറ്റുകൾ ഹാജരാക്കാൻ ആവശ്യപ്പെടുന്നത്. അതിനാൽ യാത്രാബത്ത പരിധിയിൽ നിന്നും സ്ഥിരമായി ഒഴിവാക്കപ്പെട്ടവർ/ഒറ്റത്തവണ ഒഴിവാക്കപ്പെട്ടവർ എന്നിവർ സ്വന്തം വാഹനത്തിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഏതെങ്കിലും സാഹചര്യത്തിൽ യാത്ര നടത്തുന്ന സന്ദർഭങ്ങളിൽ യാത്രാബത്ത ക്ലെയിം ചെയ്യുമ്പോൾ, സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന യാത്രാബത്ത പരിധിയിൽ പരിമിതപ്പെടുത്തിക്കൊണ്ടു മാത്രമേ പ്രസ്തുത യാത്രകളുടെ യാത്രബത്ത ക്ലെയിം അനുവദിക്കാൻ പാടുള്ളു എന്ന് വ്യക്തത വരുത്തി നിർദ്ദേശം പുറപ്പെടുവിക്കുന്നു.

3 Comments

  1. ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറുവാൻ കഴുകായില്ല ബാലഗോപാലൻ താങ്കൾക്ക് ചേർന്ന പദവി ധനകാര്യ വകുപ്പ് മന്ത്രി ഉദ്യോഗസ്ഥരെയും മറ്റുള്ളവരെയും ചേർത്ത് നിർത്താൻ കഴിവില്ലാത്ത ധനകാര്യ മന്ത്രി കേരളം കണ്ടതിൽ വച്ച്

  2. മന്ത്രിമാരുടെ സ്വകാര്യ ചിലവുകളും ചികിത്സ ചിലവുകളും സ്വന്തം ചിലവിൽ നിന്നക്കണം…

  3. ജനങ്ങളുടെ കാശ് ഭരിക്കുന്നവർക്ക് യഥേഷ്ടം ഉപയോഗിക്കാം എന്നാൽ ജീവക്കാർക്ക് ഒന്നും യഥാവിധി ഉപയോഗിക്കുവാൻ പാടില്ല. ഈ ബാലഗോപാൽ ആരെ സുഖിപ്പിക്കാനാണോ നോക്കുന്നതെന്നറിയില്ല. അല്ല ജീവനക്കാർക്കിതു വേണം. ഇപ്പോഴും കമ്മി മുതലാളി എന്തു പറഞ്ഞാലും മിണ്ടാതിരിക്കുന്നവരല്ലേ ഉള്ളത്. അതോ കുട്ടി സഖാക്കൾക്കും ഇതിൽ നിന്നും വല്ലതും കിട്ടുമായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *