Cinema

മലയാളത്തിന്റെ ശാലീന സുന്ദരി; ശ്രീവിദ്യ ഓർമ്മയായിട്ട് ഇന്നേക്ക് 18 വർഷം

മലയാളത്തിന്റെ മുഖശ്രീ ശ്രീവിദ്യ ഓർമ്മയായിട്ട് ഇന്നേക്ക് 18 വർഷങ്ങൾ. ഒരു ഗായികയുടെ മകളായി ജനിച്ചെങ്കിലും, അവരുടെ ജീവിതം ആഗ്രഹിച്ചതുപോലെ സന്തുഷ്ടമായിരുന്നില്ല. മലയാള സിനിമയിലേക്ക് എത്തി തിളങ്ങിയ ശ്രീവിദ്യയുടെ പ്രണയകഥകള്‍ പലപ്പോഴും ദുരന്തങ്ങളായി മാറി. ജീവിതത്തില്‍ സ്നേഹം കണ്ടെത്താനായി നടത്തിയ പരിശ്രമങ്ങള്‍ പലതവണ വിഷാദത്തിലേക്ക് മാറ്റിയിരുന്നു. ഭര്‍ത്താവിനൊപ്പവും ആഗ്രഹിച്ചതുപോലെ ജീവിക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നില്ല.

ഒടുവിൽ ജീവിതത്തിലെ അവസാന കാലത്ത് കാന്‍സര്‍ രോഗം പിടിപെട്ടു. സൗന്ദര്യം നഷ്ടമാകുമെന്ന ഭയം അവരെ ചികിത്സ തേടാതെയാക്കി. ഫോട്ടോഗ്രാഫര്‍ പി. ഡേവിഡ് മുൻപ് പറഞ്ഞതുപോലെ, ശരിയായ ചികിത്സ സ്വീകരിച്ചിരുന്നെങ്കില്‍ അവര്‍ ഇനിയും കുറച്ചുകാലം ജീവിച്ചേനെ എന്നതാണ് സത്യം. നടിയുടെ ഓര്‍മ ദിനത്തില്‍ അവരെ കുറിച്ച് പി. ഡേവിഡ് പറഞ്ഞ ഈ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

“ശ്രീവിദ്യ എന്നും ദുഃഖപുത്രി… നിഷ്‌കളങ്കരായവര്‍ക്ക് സിനിമയില്‍ ചതി മാത്രമായിരിക്കും അനുഭവമെന്ന് ശ്രീവിദ്യ ഓര്‍മപ്പെടുത്തുന്നു. വിദ്യ എല്ലാവരെയും വിശ്വസിച്ചു. എല്ലാവരും അവരെ ചതിച്ചു. ചെണ്ട’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഞാന്‍ വിദ്യയെ ആദ്യമായി കാണുന്നത്. പരിചയപ്പെടുന്നവര്‍ക്കൊക്കെ ആദരവും സ്നേഹവും തോന്നുന്ന പ്രകൃതം. ഇതുതന്നെയാണ് അവര്‍ക്ക് വിനയായതും. അവരുടെ സൗന്ദര്യവും സമ്പാദ്യവും കണ്ട് അടുത്തുകൂടിയ പുരുഷന്മാരെ അവര്‍ക്ക് ഒരിക്കല്‍ പോലും തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ‘എല്ലാവരും സ്നേഹമുള്ളവരാണ്’ എന്നാണവര്‍ എപ്പോഴും പറയുക.

ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഇവരെ കാണാനായി മാത്രം പറന്നെത്തുന്ന കമല്‍ ഹാസനെ ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നിട്ടും ആ ബന്ധത്തെ വിവാഹത്തിലെത്തിക്കാനുള്ള മനസ്സ് കമല്‍ കാണിച്ചില്ല. ‘തീക്കനല്‍’ സിനിമയുടെ സെറ്റില്‍ വെച്ചാണ് ഞാനും വിദ്യയും തമ്മില്‍ അടുത്ത പരിചയം രൂപപ്പെടുന്നത്. അതിനു കാരണമായതും അവരുടെ ഒരു പ്രണയമാണ്. ആ സിനിമയുടെ ആക്ടിങ് പ്രൊഡ്യൂസര്‍ ആയിരുന്നു ജോര്‍ജ് തോമസ്. ഹിന്ദിയും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യാനറിയാം ജോര്‍ജിന്. സംസാരിച്ച് ആരെയും വശത്താക്കുന്ന പ്രകൃതക്കാരന്‍. ആ സെറ്റില്‍ വെച്ച് വിദ്യ ജോര്‍ജുമായി പ്രണയത്തിലായി.

ഓരോ തവണ കാണുമ്പോഴും തനിക്കു നേരിടേണ്ടി വന്ന ചതിയുടെയും വഞ്ചനയുടെയും കഥകള്‍ പറഞ്ഞ് അവര്‍ പൊട്ടിക്കരയും. പിന്നീടവര്‍ തിരുവനന്തപുരത്തേക്ക് താമസം മാറി. വര്‍ഷങ്ങള്‍ക്കു ശേഷം നടന്‍ വിനീതിന്റെ കല്യാണത്തിന് ഞാന്‍ വിദ്യയെ വീണ്ടും കണ്ടു. അന്നവര്‍ ഒറ്റക്കാര്യമേ സംസാരിച്ചുള്ളൂ. ഡേവിഡ്… എന്റെ കാര്യത്തില്‍ ഒരു തീരുമാനമായി. എനിക്ക് കാന്‍സറാണ്. ‘ചികിത്സയൊക്കെ…?’, ഞാന്‍ ചോദിച്ചു. ‘എന്റെ സൗന്ദര്യം നഷ്ടമാകാത്ത ഏതു ചികിത്സയ്ക്കും ഞാന്‍ ഒരുക്കമാണ്’, അവര്‍ പറഞ്ഞു. കീമോ ചെയ്യുന്നത് സൗന്ദര്യം നഷ്ടമാക്കുമെന്ന് അവര്‍ പേടിച്ചു. മരണം വരെ സിനിമയില്‍ നില്‍ക്കണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. സൗന്ദര്യം നഷ്ടപ്പെട്ടാല്‍ അതിന് സാധിക്കാതെ വരുമെന്ന് അവര്‍ക്കറിയാം.
ഒരുപക്ഷേ, കാര്യമായ ചികിത്സയ്ക്ക് ഒരുക്കമായിരുന്നെങ്കില്‍ കുറച്ചുകാലംകൂടി അവര്‍ ജീവിച്ചിരിക്കുമായിരുന്നു എന്ന് എനിക്കിപ്പോള്‍ തോന്നുന്നു…” എന്നും പറഞ്ഞാണ് ഡേവിഡ് എഴുത്ത് അവസാനിപ്പിച്ചത്.

കമല്‍ ഹാസനുമായുള്ള അടുപ്പവും, ജോര്‍ജ് തോമസുമായുള്ള വിവാഹ ജീവിതവുമെല്ലാം അസ്വാരസ്യങ്ങള്‍ക്ക് വഴിയൊരുക്കി. ജോര്‍ജ് തോമസുമായുള്ള പ്രണയം ആദ്യകാലത്ത് അനുരഞ്ജനമായിരുന്നെങ്കിലും, വിവാഹശേഷം അത് അധികദൂരം നീണ്ടുപോയില്ല. വിവാഹ ജീവിതം പാളിയപ്പോള്‍, സങ്കടത്തോടെ അവര്‍ സ്വന്തം വീട്ടില്‍ നിന്ന് മാറി ഒരു പുതിയ ജീവിതത്തിലേക്ക് ചുവടുവെച്ചു.

അമ്മയായും നായികയായും സഹനടിയായും സിനിമയിൽ നിറഞ്ഞാടിയ ശ്രീവിദ്യ 2006 ഒക്ടോബര്‍ പത്തൊന്‍പതിന്, കാന്‍സറിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *