National

മുംബൈയില്‍ കനത്തമഴയില്‍ നിറഞ്ഞ മാന്‍ഹോളില്‍ വീണ് മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം

മുംബൈ: മുംബൈയില്‍ മാന്‍ഹോളില്‍ വീണ് മധ്യവയസ്‌ക മരണപ്പെട്ടു. അന്ധേരിയിലാണ് സംഭവം ഉണ്ടായത്. നാല്‍പ്പത്തിയഞ്ചുകാരിയായ വിമല്‍ അനില്‍ ഗെയ്ക്വാദാണ് കൊല്ലപ്പെട്ടത്. മുംബൈയില്‍ ഇന്നലെ കനത്ത മഴയായിരുന്നു. അതിനെത്തുടര്‍ന്ന് റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമാവുകയും ചെയ്തിരുന്നു. സംഭവത്തില്‍ ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനും (ബിഎംസി) കരാറുകാരനും എതിരെ മുംബൈ പോലീസ് കേസെടുത്തു.

ഇന്നലെ രാത്രിയില്‍ അന്ധേരി ഈസ്റ്റിലെ മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ കെട്ടിടത്തിന്റെ എട്ടാം നമ്പര്‍ ഗേറ്റിന് സമീപമുള്ള കവിഞ്ഞൊഴുകുന്ന മാന്‍ഹോളിലേക്കാണ് ഗെയ്ക്വാദ് വീണത്. പോലീസും അഗ്‌നിശമന സേനാംഗങ്ങളും വിവരമറിഞ്ഞ ഉടനെ സ്ത്രീയെ കൂപ്പര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വിമലായിരുന്നു വീട്ടിലെ ഏക വരുമാനമാര്‍ഗം. വിമലിന്റെ ഭര്‍ത്താവ് ഒരു രോഗിയാണ്.

വിമല്‍ പോയതോടെ ഞങ്ങളുടെ കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതായതെന്ന് വിമലിന്റെ ഭര്‍ത്താവ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഈ വര്‍ഷം മുംബൈയില്‍ മാത്രം ഏഴ് മാന്‍ഹോള്‍ മരണങ്ങളെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് തേടണമെന്നും ബിഎംസി അറിയിച്ചു. ഇന്നലെ പെയ്ത കനത്ത മഴയില്‍ റെയില്‍വേ ട്രാക്കുകളും റോഡുകളും വെള്ളത്തിനടിയിലായിരുന്നു.14 വിമാനങ്ങള്‍ കാലാവസ്ഥ മോശമായതിനാലും വെള്ളക്കെട്ട്് മൂലവും വഴിതിരിച്ചുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *