
ന്യൂഡൽഹി: ഇന്ത്യൻ സായുധ സേന ഇന്ന് രാവിലെ പാകിസ്താനിലെ നിരവധി സ്ഥലങ്ങളിലെ വ്യോമ പ്രതിരോധ റഡാറുകളും സംവിധാനങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് കേണൽ സോഫിയ ഖുറേഷി അറിയിച്ചു. പാകിസ്താന്റെ അതേ രീതിയിലും തീവ്രതയിലുമായിരുന്നു ഇന്ത്യയുടെ പ്രതികരണമെന്നും അവർ കൂട്ടിച്ചേർത്തു. ലാഹോറിലെ ഒരു വ്യോമ പ്രതിരോധ സംവിധാനം നിർവീര്യമാക്കിയതായും വിശ്വസനീയമായ വിവരങ്ങളുണ്ടെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു.
മെയ് 7, 2025 ലെ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള വാർത്താ സമ്മേളനത്തിൽ, ഇന്ത്യയുടെ പ്രതികരണം കൃത്യതയുള്ളതും, നിയന്ത്രിതവും, വർദ്ധിപ്പിക്കാത്തതുമാണെന്ന് വ്യക്തമാക്കിയിരുന്നു. പാകിസ്താന്റെ സൈനിക സ്ഥാപനങ്ങളെ ലക്ഷ്യമിട്ടിട്ടില്ലെന്നും അന്ന് പറഞ്ഞിരുന്നു. എന്നാൽ, ഇന്ത്യയിലെ സൈനിക ലക്ഷ്യങ്ങൾക്ക് നേരെ ഉണ്ടാകുന്ന ഏത് ആക്രമണത്തിനും ഉചിതമായ മറുപടി നൽകുമെന്നും വ്യക്തമാക്കിയിരുന്നു.
മെയ് 7-8 രാത്രിയിൽ പാകിസ്താൻ വടക്കൻ, പടിഞ്ഞാറൻ ഇന്ത്യയിലെ അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഡ്, നാൽ, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവിടങ്ങളിലെ സൈനിക ലക്ഷ്യങ്ങളെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ, സംയോജിത കൗണ്ടർ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് ഇവയെല്ലാം നിർവീര്യമാക്കി. പാകിസ്താന്റെ ആക്രമണങ്ങൾ തെളിയിക്കുന്ന അവശിഷ്ടങ്ങൾ വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെടുത്തു വരികയാണെന്നും കേണൽ സോഫിയ ഖുറേഷി അറിയിച്ചു.