CinemaNews

ഇനി ഉലകനായകൻ എന്നു വിളിക്കരുത് : കമൽഹാസൻ

ഇന്ത്യൻ സിനിമാലോകത്തെ പകരം വയ്ക്കാനില്ലാത്ത നടനാണ് കമൽഹാസൻ. ആരാധകർ സ്നേഹത്തോടെ “ഉലകനായകൻ” എന്നാണ് കമൽഹാസനെ വിളിക്കാറുള്ളത്. ഇപ്പോഴിതാ, ഇത്രയും കാലം ആരാധകർ തനിക്ക് നൽകിയ പട്ടം വേണ്ടെന്ന് വയ്ക്കുകയാണ് കമൽഹാസൻ. കലാകാരൻ കലയേക്കാൾ വാഴ്ത്തപ്പെടാൻ പാടില്ലെന്ന നടന്റെ വിശ്വാസമാണ് ഇതിനു പിന്നിൽ. ഇനി മുതൽ തന്നെ കമൽഹാസനെന്നോ കെ എച്ച് എന്നോ മാധ്യമങ്ങളും ആരാധകരും സഹപ്രവർത്തകരും പാർട്ടി അംഗങ്ങളും വിശേഷിപ്പിക്കണമെന്ന് അറിയിച്ചുകൊണ്ട് താരം തന്നെ പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ്.

എന്നെ ‘ഉലകനായകൻ’ പോലെയുള്ള പേരുകൾ വിളിക്കുന്നതിൽ എനിക്ക് എന്നെന്നും നിങ്ങളോട് ആഴത്തിലുള്ള കൃതജ്ഞത തോന്നാറുണ്ട്. പ്രിയപ്പെട്ടവരും ബഹുമാന്യരായ സഹപ്രവർത്തകരും ആരാധകരും നൽകിയ അത്തരം അംഗീകാരങ്ങൾ ഞാൻ അംഗീകരിക്കുന്നു, നിങ്ങൾക്ക് എന്നോടുള്ള സ്നേഹം എന്നെ ഇപ്പോഴും വിനയാന്വിതനാക്കുകയും ഞാൻ ഒരുപാട് സന്തോഷിക്കുകയും ചെയ്തിട്ടുണ്ടെന്നും കമൽഹാസൻ പറയുന്നു. എന്നാൽ സിനിമ എന്ന കല ഒരു വ്യക്തിയിൽ മാത്രം ചുറ്റപ്പെട്ടു നിൽക്കുന്നതല്ല, ആ മഹത്തായ കലയുടെ ഒരു വിദ്യാർഥി മാത്രമായ ഞാൻ എന്നേക്കും എന്നെത്തന്നെ പരിഷ്കരിക്കാനും പഠിക്കാനും വളരാനും ആഗ്രഹിക്കുന്നു. മറ്റേതൊരു സർഗാത്മക ആവിഷ്കാര രൂപത്തെയും പോലെ സിനിമയും എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും കമൽഹാസൻ പറയുന്നു.

കലാകാരൻ കലയേക്കാൾ വാഴ്ത്തപ്പെടാൻ പാടില്ലെന്നാണ് എന്റെ എളിയ വിശ്വാസം. എന്റെ അപൂർണതകളെക്കുറിച്ചും എന്നെ മെച്ചപ്പെടുത്താനുള്ള എന്റെ പ്രയത്നങ്ങളെക്കുറിച്ചും നിരന്തരം ബോധവാനായി നിലകൊള്ളാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ ‘ഉലകനായകൻ’ പോലെയുള്ള വിശേഷണങ്ങളോ ഒന്നും ഇനി വേണ്ട എന്ന തീരുമാനം എടുത്തിരിക്കുകയാണെന്നാണ് കമൽഹാസൻ പറയുന്നത്. എല്ലാ ആരാധകരും, മാധ്യമങ്ങളും, സിനിമാ സാമുദായിക അംഗങ്ങളും, പാർട്ടി കേഡറും, ഇന്ത്യയിലെ സഹോദരീസഹോദരന്മാരും ഇനിമുതൽ എന്നെകമൽഹാസൻ എന്നോ കമൽ എന്നോ കെഎച്ച് എന്നോ മാത്രം വിളിക്കണമെന്നാണ് കമൽഹാസന്റെ അഭ്യർത്ഥന.

Leave a Reply

Your email address will not be published. Required fields are marked *