CricketSocial Media

വ്യാജ ചിത്രം! രൂക്ഷമായി പ്രതികരിച്ച് പ്രീതി സിന്റ; വാർത്താ ചാനലുകൾപോലും മോർഫ് ചിത്രം ഉപയോഗിച്ചുവെന്ന് വിമർശനം

മുംബൈ: 14 വയസ്സുകാരനായ രാജസ്ഥാൻ റോയൽസ് ഓപ്പണർ വൈഭവ് സൂര്യവംശിക്കൊപ്പമുള്ള മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് രോഷാകുലയായി പഞ്ചാബ് കിങ്സ് സഹ ഉടമ പ്രീതി സിന്റ. പ്രീതി വൈഭവിനെ കെട്ടിപ്പിടിക്കുന്നതും കൈ കൊടുക്കുന്നതും ചിത്രങ്ങളിൽ കാണാമായിരുന്നു. എക്സിലെ ഒരു ഉപയോക്താവാണ് ഈ വീഡിയോ പങ്കുവെച്ച്, ‘സ്‌കൂളിലെ ഫ്ളെക്സ് ലെവലുകൾ: വൈഭവ് സൂര്യവംശി’ എന്ന് കുറിച്ചത്.

വൈഭവിനെ താരം നേരിട്ട് കാണുകയും ഹസ്തദാനം നൽകുകയും ചെയ്തെങ്കിലും, വൈഭവിനെ കെട്ടിപ്പിടിക്കുന്നതായി കാണിക്കുന്ന വൈറലായ ചിത്രങ്ങളെ പ്രീതി സിന്റ രൂക്ഷമായി വിമർശിച്ചു. ഈ ചിത്രമുള്ള ഒരു ട്വീറ്റിന് മറുപടിയായി, അവ ‘മോർഫ് ചെയ്തവ’യാണെന്ന് അവർ വിശദീകരിച്ചു.

മോർഫ് ചെയ്ത ചിത്രങ്ങളുള്ള വ്യാജ വാർത്ത. വാർത്താ ചാനലുകൾ പോലും മോർഫ് ചെയ്ത ചിത്രങ്ങൾ വാർത്താ ഇനങ്ങളായി ഉപയോഗിക്കുന്നതിൽ ഞാൻ അത്ഭുതപ്പെടുന്നുവെന്നാണ് തന്റെ എക്സ് അക്കൗണ്ടിലൂടെ നടി പ്രതികരിച്ചത്.

ഐപിഎൽ 2025 മത്സരശേഷം സൂര്യവംശി പ്രീതി സിന്റയെ കണ്ടിരുന്നെങ്കിലും, അവർ പരസ്പരം കെട്ടിപ്പിടിച്ചിരുന്നില്ല. ഇരുവരും കണ്ടുമുട്ടുന്നതിന്റെ വീഡിയോ രാജസ്ഥാൻ റോയൽസ് പങ്കുവെച്ചിരുന്നു.