News

“സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാറായി, രക്ഷിച്ചത് സ്വകാര്യ ആശുപത്രി”; സജി ചെറിയാന്റെ വാക്കുകൾ സർക്കാരിന് പുതിയ തലവേദന

തിരുവനന്തപുരം: ആരോഗ്യവകുപ്പിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ, സർക്കാരിനെ കൂടുതൽ വെട്ടിലാക്കി മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം. സർക്കാർ ആശുപത്രിയിലെ ചികിത്സ കൊണ്ട് താൻ മരിക്കാറായെന്നും, ഒടുവിൽ സ്വകാര്യ ആശുപത്രിയിലെ ചികിത്സയാണ് തന്റെ ജീവൻ രക്ഷിച്ചതെന്നുമാണ് മന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ വിദേശ ചികിത്സയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

“2019-ൽ ഡെങ്കിപ്പനി ബാധിച്ചപ്പോൾ ആദ്യം സർക്കാർ ആശുപത്രിയിലാണ് ചികിത്സ തേടിയത്. അവിടുത്തെ ചികിത്സ കൊണ്ട് മരിക്കാൻ സാധ്യതയുണ്ടെന്ന സ്ഥിതി വന്നപ്പോഴാണ് അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 14 ദിവസം ബോധമില്ലാതെ കിടന്ന ഞാൻ അവിടുത്തെ ചികിത്സകൊണ്ടാണ് രക്ഷപ്പെട്ടത്,” മന്ത്രി പറഞ്ഞു.

മന്ത്രിമാരും സാധാരണക്കാരും അവർക്ക് മികച്ച ചികിത്സ കിട്ടുന്ന ആശുപത്രികളെയാണ് ആശ്രയിക്കുകയെന്നും, സ്വകാര്യ ആശുപത്രികളിൽ കൂടുതൽ മികച്ച സാങ്കേതിക വിദ്യകളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീണ ജോർജിനെ ബലിയാടാക്കുന്നു

ആരോഗ്യമേഖലയെ തകർക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നതെന്നും, ഈ ഗൂഢാലോചനയിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ ബലിയാടാക്കുകയാണെന്നും സജി ചെറിയാൻ ആരോപിച്ചു. “പാവം സ്ത്രീ, അവരെന്തു ചെയ്തു? ഇതൊന്നും ഞങ്ങൾ അംഗീകരിച്ചു കൊടുക്കില്ല. വീണാ ജോർജിനെയും സർക്കാർ സംവിധാനങ്ങളെയും ഞങ്ങൾ സംരക്ഷിക്കും,” എന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം, ഡോക്ടർമാരുടെ പ്രതിഷേധം, മരുന്ന് ക്ഷാമം തുടങ്ങിയ വിഷയങ്ങളിൽ ആരോഗ്യമന്ത്രി കടുത്ത വിമർശനം നേരിടുന്നതിനിടെയാണ് മറ്റൊരു മന്ത്രിയുടെ ഈ പരാമർശം. ഇത് പ്രതിപക്ഷത്തിന് പുതിയൊരു ആയുധം നൽകുന്നതിനൊപ്പം, സർക്കാർ ആശുപത്രികളെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നതാണ്.