
പീരുമേടിന്റെ കണ്ണീരോർമ്മയായി വാഴൂർ സോമൻ; പൊതുവേദിയിൽ കുഴഞ്ഞുവീണ് അന്ത്യം
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ ദുഃഖത്തിലാഴ്ത്തി പീരുമേട് എംഎൽഎയും മുതിർന്ന സി.പി.ഐ നേതാവുമായ വാഴൂർ സോമൻ (72) അന്തരിച്ചു. തിരുവനന്തപുരത്ത് റവന്യൂ വകുപ്പിന്റെ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപ്രതീക്ഷിത വിടവാങ്ങൽ
തിരുവനന്തപുരം പി.ടി.പി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് കേന്ദ്രത്തിൽ നടന്ന റവന്യൂ അസംബ്ലിയിൽ സംസാരിച്ച ശേഷം മറ്റ് എംഎൽഎമാർക്കൊപ്പം മടങ്ങാൻ ഒരുങ്ങുമ്പോഴാണ് വാഴൂർ സോമൻ കുഴഞ്ഞുവീണത്. “എനിക്കൊരു വല്ലായ്മ തോന്നുന്നു, എന്നെ ഒന്ന് പിടിക്കണം” എന്ന് സഹപ്രവർത്തകനോട് പറഞ്ഞ അദ്ദേഹം ഉടൻതന്നെ തളർന്നുവീഴുകയായിരുന്നുവെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു.
ഉടൻതന്നെ മന്ത്രിയുടെ വാഹനത്തിൽ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാർ തുടങ്ങിയ പ്രമുഖർ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.
തൊഴിലാളി നേതാവിൽ നിന്ന് ജനപ്രതിനിധിയിലേക്ക്
കോട്ടയം വാഴൂരിൽ 1952-ൽ ജനിച്ച സോമൻ, എ.ഐ.എസ്.എഫിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ഇടുക്കിയിലെ തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തി പതിറ്റാണ്ടുകളോളം പൊതുരംഗത്ത് സജീവമായിരുന്നു. ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ, സംസ്ഥാന വെയർ ഹൗസിങ് കോർപ്പറേഷൻ ചെയർമാൻ, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് അദ്ദേഹം ആദ്യമായി ജനവിധി തേടി നിയമസഭയിലെത്തുന്നത്. പീരുമേട് മണ്ഡലത്തിൽ നിന്ന് കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വിജയിച്ചത്.
ഭൗതികശരീരം തിരുവനന്തപുരം എം.എൻ സ്മാരകത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം രാത്രിയോടെ വിലാപയാത്രയായി ജന്മനാടായ വണ്ടിപ്പെരിയാറിലേക്ക് കൊണ്ടുപോകും. ബിന്ദുവാണ് ഭാര്യ. സോബിൻ, സോബിത്ത് എന്നിവർ മക്കളാണ്.
പ്രതിപക്ഷ നേതാവ് അനുശോചിച്ചു
പീരുമേട് എം.എല്‍.എ വാഴൂര്‍ സോമന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് സി.പി.ഐയുടെയും എ.ഐ.ടി.യു.സിയുടെയും നേതൃനിരയിലേക്ക് വളര്‍ന്നു വന്ന നേതാവായിരുന്നു വാഴൂര്‍ സോമന്‍. നിയമസഭാംഗം എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.