
തമിഴ്നാട്ടിൽ 4700 മദ്യ വിൽപന ശാലകൾ, കേരളത്തിൽ വെറും 300 ! 1000 മദ്യവിൽപ്പനശാലകൾ കേരളത്തിൽ വേണമെന്ന് എം.ഡി
കേരളത്തിലെ മദ്യവിൽപ്പനശാലകളുടെ എണ്ണക്കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ബെവ്കോ എം.ഡി ഹർഷിത അട്ടലൂരി. തമിഴ്നാട്ടിലെ മദ്യശാലകളുടെ എണ്ണവുമായി താരതമ്യം ചെയ്താണ് എം.ഡി ഇക്കാര്യം വ്യക്തമാക്കിയത്.
തമിഴ്നാട്ടിൽ 4700 ചില്ലറ മദ്യവിൽപ്പനശാലകളുണ്ട്. കേരളത്തിൻ്റെ ഇരട്ടി ജനസംഖ്യയാണ് അവിടെയുമുള്ളത്. കേരളത്തിൽ ഏകദേശം 300 മദ്യശാലകൾ മാത്രമേയുള്ളൂ. ഇത് വലിയ ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നുണ്ട്.
കേരളത്തിന്റെ ജനസംഖ്യ പരിഗണിച്ച് ഏകദേശം 2000 മദ്യശാലകൾ ആവശ്യമാണെങ്കിലും കുറഞ്ഞത് 1000 എണ്ണമെങ്കിലും ഉണ്ടെങ്കിൽ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് വലിയൊരളവിൽ പരിഹാരമാകും.
176 പുതിയ മദ്യക്കടകൾ തുടങ്ങാൻ സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. നേരത്തെ വിവിധ കാരണങ്ങളാൽ അടച്ചുപൂട്ടിയ 60-ഓളം ഷോപ്പുകളുടെ ലൈസൻസുകൾ നിലവിലുണ്ട്.
പുതിയ മദ്യശാലകൾ തുറക്കുന്നതിന് പല ബുദ്ധിമുട്ടുകളുമുണ്ട്. ജനങ്ങളുടെ എതിർപ്പാണ് ഇതിൽ പ്രധാനം. പലയിടങ്ങളിലും കടകൾക്ക് കെട്ടിടം വാടകയ്ക്ക് നൽകാൻ പോലും ആളുകൾ തയ്യാറാകാത്ത സാഹചര്യവുമുണ്ടെന്ന് ബെവ്കോ എം.ഡി വ്യക്തമാക്കി.