
പാരീസിൽ ഇന്ത്യയുടെ പ്രതീക്ഷ തകരുന്നു : മീരാഭായ് ചാനു നാലാം സ്ഥാനത്ത് ; ഇനി എല്ലാ ശ്രദ്ധയും നീരജ് ചോപ്രയിൽ “
വിനേഷ് ഫോഗട്ടിന്റെ മെഡൽ നഷ്ടത്തിന് പുറമേ പാരീസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് മറ്റൊരു നഷ്ടവും കൂടി. വനിതകളുടെ വെയ്ഗ്റ്‌ലിഫ്റ്റിംഗിൽ 49 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മീരാഭായ് ചാനു നാലാം സ്ഥാനത്ത്. .ടോക്കിയോ ഒളിംപിക്സിലെ വെള്ളി മെഡൽ ജേതാവാണ് മീരാഭായ് ചാനു. വെറും ഒരു കിലോയുടെ വ്യത്യാസത്തിലാണ് മെഡൽ നഷ്ടമായത്. ഇതോടെ ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം മങ്ങുകയാണ്.
സ്‌നാച്ചിൽ 88 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 111 കിലോയും ഉൾപ്പെടെ 199 കിലോഗ്രാമും ഉയർത്തി.
വെയ്ഗ്റ്‌ലിഫ്റ്റിംഗ് ഫൈനലിലെ സ്‌നാച്ച് റൗണ്ടിൽ തന്‍റെ മൂന്നാം ശ്രമത്തിലാണ് ചാനു 88 കിലോ ഉയർത്തിയത്. ആദ്യ സ്‌നാച്ച് ശ്രമത്തിൽ 85 കിലോ അനായാസമായി ഉയർത്തി മികച്ച തുടക്കം കുറിച്ചു. പിന്നീട് രണ്ടാമത്തെ ശ്രമത്തിൽ 88 കിലോഗ്രാം ഉയർത്തുന്നതിൽ പരാജയപ്പെട്ടെങ്കിലും മൂന്നാം ശ്രമത്തിൽ ചാനു വിജയകരമായി 88 കിലോ ഉയർത്തിയെടുക്കുകയായിരുന്നു. സ്നാച്ച് പൂര്‍ത്തിയായപ്പോള്‍ ചാനു മൂന്നാം സ്ഥാനത്തായിരുന്നു.. എന്നാൽ ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗത്തില്‍ 112 കിലോ ഉയർത്താൻ സാധിച്ചില്ല. പാരീസ് ഒളിംപിക്സിൽ നാലാം സ്ഥാനത്തെത്തുന്ന ആറാമത്തെ ഇന്ത്യൻതാരമാണ് മീരാഭായ് ചാനു.
206 കിലോ ഭാരം ഉയർത്തിയ ചൈനീസ് താരം സുഹി ഹൗ ഒളിംപിക്സ് റെക്കോർഡോടെ സ്വർണം നേടി. അതേസമയം, 205 കിലോ ഭാരമുയർത്തിയ റുമാനിയൻ താരം മിഹൈല വാലന്‍റീന കാംബൈ വെള്ളിയും 200 കിലോ ഭാരമുയർത്തി തായ്‌ലൻഡിൽ നിന്നുള്ള സുരോദ്‌ചന കാംബാവോ വെങ്കലവും നേടി.
.
പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ ഇന്ത്യയുടെ അവാനിശ് സാബ്ലേയ്ക്ക് പതിനൊന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത് .പതിനാറ് താരങ്ങൾ ഫൈനലിൽ മത്സരിച്ചു.ആദ്യത്തെ ഒന്നര ലാപ്പിൽ പോരാടി മുന്നിട്ട് നിന്നെങ്കിലും പിന്നീട് എതിരാളികൾ സാബ്ലേയെ മറികടക്കുകയായിരുന്നു . നേരത്തെ ഹീറ്റ്സില്‍ 8.15.43 സെക്കൻഡില്‍ ഫിനിഷ് ചെയ്ത് അഞ്ചാമനായാണ് സാബ്ലെ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയത് .
ഇനി ഇന്ത്യയ്ക്ക് നീരജ് ചോപ്രയിലൂടെ മാത്രമാണ് പ്രതീക്ഷയുള്ളത് . നീരജ് ചോപ്ര ഇന്ന് ജാവലിന്‍ ത്രോ ഫൈനലില്‍ മത്സരിക്കും. രാത്രി 11.55നാണ് മത്സരം ആരംഭിക്കുക