News

റാപ്പർ വേടനെതിരെ എൻ.ഐ.എയ്ക്ക് പരാതി; നരേന്ദ്ര മോദിയെ ഗാനത്തിൽ അധിക്ഷേപിച്ചെന്ന് ആരോപണം

പാലക്കാട്: പ്രമുഖ മലയാളം റാപ്പർ വേടനെതിരെ (ഹിരൺ ദാസ് മുരളി) പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗാനത്തിലൂടെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ദേശീയ അന്വേഷണ ഏജൻസിക്കും (എൻ.ഐ.എ) കേന്ദ്ര ആഭ്യന്തരവകുപ്പിനും പരാതി. പാലക്കാട് നഗരസഭാ കൗൺസിലറായ മിനി കൃഷ്ണകുമാറാണ് പരാതി നൽകിയത്. നാല് വർഷം മുൻപ് പുറത്തിറങ്ങിയ വേടന്റെ ‘വോയിസ് ഓഫ് വോയിസ്‌ലെസ്’ എന്ന റാപ്പ് ഗാനത്തിലെ വരികൾക്കെതിരെയാണ് പരാതി.

പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതും വിദ്വേഷം വളർത്തുന്നതുമാണ് ഗാനത്തിലെ വരികളെന്ന് പരാതിയിൽ പറയുന്നു. പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കൽ, ജാതീയമായ വേർതിരിവ് പ്രോത്സാഹിപ്പിക്കൽ, ഡിജിറ്റൽ മാധ്യമങ്ങളിലൂടെ അക്രമത്തിനും വിദ്വേഷത്തിനും ആഹ്വാനം ചെയ്യൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

ഗാനം ഇപ്പോഴാണ് തന്റെ ശ്രദ്ധയിൽപ്പെട്ടതെന്നും നേരത്തെ കണ്ടിരുന്നെങ്കിൽ അന്നുതന്നെ നിയമനടപടി സ്വീകരിക്കുമായിരുന്നുവെന്നും മിനി കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു. “പ്രധാനമന്ത്രിയെ ‘കപട ദേശീയവാദി’ എന്നും ‘വാളെടുത്തവൻ’ എന്നും വിശേഷിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ആവിഷ്കാര സ്വാതന്ത്ര്യമുണ്ടെങ്കിലും ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഭരണഘടനയെ അനുസരിക്കാൻ വേടൻ ബാധ്യസ്ഥനാണ്. ഇന്നത്തെ കാലഘട്ടത്തിനോ സർക്കാരിന്റെ വിശ്വാസ്യതയ്ക്കോ ചേരാത്തതാണ് ഗാനത്തിലെ പരാമർശങ്ങൾ,” അവർ കൂട്ടിച്ചേർത്തു.

ഗാനത്തിനു പിന്നിലെ യഥാർത്ഥ ലക്ഷ്യം പുറത്തുകൊണ്ടുവരാനും ഇത്തരം കാര്യങ്ങൾ ധൈര്യപൂർവ്വം പറയുന്ന വേടന്റെ പശ്ചാത്തലം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് എൻ.ഐ.എയ്ക്ക് പരാതി നൽകിയിരിക്കുന്നതെന്നും മിനി കൃഷ്ണകുമാർ വ്യക്തമാക്കി. ആവിഷ്കാര സ്വാതന്ത്ര്യം സമൂഹത്തിന്റെ കെട്ടുറപ്പിന് ദോഷകരമാകരുതെന്നും അവർ അഭിപ്രായപ്പെട്ടു.