
കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇപ്പോൾ തിരഞ്ഞെടുപ്പ് ചൂടാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി വമ്പൻ തയ്യാറെടുപ്പുകളാണ് ദേശീയ തലത്തിൽ നടക്കുന്നത്. അതിനായി വളരെയേറെ കാശും പാർട്ടികൾ വാരിയെറിയുന്നുണ്ട്. നമുക്കറിയാം.. തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന വ്യക്തികൾ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം നൽകുമ്പോൾ തനിക്ക് എത്രമാത്രം സ്വത്തുക്കളുണ്ടെന്ന് വ്യക്തമാക്കേണ്ടതുണ്ട്. അത്തരത്തിൽ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയുടെ സ്വത്ത് വിവരം കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
ഘാട്‌കോപര്‍ ഈസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബിജെപി സ്ഥാനാർഥി പരാഗിന് 3383.06 കോടിരൂപയുടെ സ്വത്തുക്കളുണ്ടെന്നാണ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലം വ്യക്തമാക്കുന്നത്. ഇതിലൂടെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ഥിയായി ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എ. പരാഗ് ഷാ മാറിയിരിക്കുകയാണ്. എന്നാൽ, കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ പരാഗിന്റെ ആസ്തിയിലുണ്ടായ വര്‍ധന കേട്ടാൽ നിങ്ങൾ ഞെട്ടും. 575 ശതമാനം വളർച്ചയാണ് കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ പരാഗിന്റെ ആസ്തിയിലുണ്ടായിരിക്കുന്നത്.
2019 ലെ തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 550.62 കോടിരൂപയുടെ ആസ്തിയാണ് പരാഗ് കാണിച്ചിരുന്നത്. എന്നാലത് 2024 ആയപ്പോഴേക്കും 3383.06 കോടിയായി മാറി. എന്തായാലും അഞ്ചുവർഷത്തിനിടെ ഒരു എം എൽ എയുടെ ആസ്തി എങ്ങനെ ഇത്രത്തോളം കൂടി എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. എന്തായാലും തങ്ങൾ അഴിമതിക്കാരല്ല, അഴിമതിയെ ഞങ്ങൾ തുടച്ചു നീക്കുമെന്ന് പറയുന്ന ബിജെപിയുടെ എം എൽ എയ്ക്കുണ്ടായ ആസ്തി വർദ്ധനവ് ഉത്തരം കിട്ടാതെ തുടരുകയാണ്. അതേസമയം, പണമായി തന്റെയും ഭാര്യ മാനസിയുടെയും കൈവശം യഥാക്രമം 1.81 കോടിരൂപയും 1.30 കോടിരൂപയുമുണ്ടെന്ന് ഇക്കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ പരാഗ് ഷാ വ്യക്തമാക്കിയിരുന്നു. എന്നാൽ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ പരാഗിന് സ്വന്തം പേരില്‍ വാഹനമില്ല. പരാഗിന് 43.29 കോടിരൂപയുടെയും ബാധ്യതയും മാനസിക്ക് 10.85 കോടിയുടെ ബാധ്യതയുമാണുള്ളത്.
അതേസമയം, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ വിമത ശല്യത്തില്‍ വലയുകയാണ് ബി.ജെ.പി. സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ട മുതിര്‍ന്ന നേതാക്കള്‍ സ്വതന്ത്രരായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബോറിവ്‌ലി, മുംബാദേവി, അകോല വെസ്റ്റ് എന്നീ മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള മുതിര്‍ന്ന നേതാക്കളാണ് വിമതസ്വരവുമായി രംഗത്തെത്തിയത്. മുംബൈ മേഖലയില്‍ സ്വാധീനമുള്ള ഗോപാല്‍ ഷെട്ടി ബോറിവ്‌ലിയില്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, സഞ്ജയ് ഉപാധ്യായെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ബി.ജെ.പി തീരുമാനം. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച ഗോപാല്‍ ഷെട്ടി സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.
മുംബൈ ബി.ജെ.പി അധ്യക്ഷന്‍ ആശിഷ് ഷേലാര്‍ അനുനയത്തിന് ശ്രമിച്ചെങ്കിലും ഗോപാല്‍ ഷെട്ടി തയ്യാറായില്ല. ബി.ജെ.പി. വക്താവായിരുന്നു ഷൈന എന്‍.സിയെ മുംബാദേവിയില്‍ ശിവസേന സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. വര്‍ളിയില്‍ ആദിത്യ താക്കറെയ്‌ക്കെതിരെ ഷൈനയെ മത്സരിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ സീറ്റ് ഏക്‌നാഥ് ഷിന്ദേയുടെ ശിവസേനയ്ക്ക് നല്‍കുകയും മിലിന്ദ് ദേവറയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, മുംബാദേവിയില്‍ ഷൈനയെ സ്ഥാനാര്‍ഥിയാക്കിയിതില്‍ പ്രതിഷേധിച്ച് ബി.ജെ.പിയുടെ അതുല്‍ ഷാ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇത് മഹായുതിയുടെ വോട്ടില്‍ വിള്ളല്‍ വീഴ്ത്തിയേക്കും.
ബാബ സിദ്ധിഖിയുടെ മകന്‍ സീഷാന്‍ സിദ്ധിഖിയാണ് ബാന്ദ്ര ഈസ്റ്റിലെ മഹായുതി സ്ഥാനാര്‍ഥി. അജിത് പവാറിന്റെ എന്‍.സി.പിക്ക് അനുവദിച്ച സീറ്റില്‍ ഷിന്ദേ ശിവസേന നേതാവ് കുനാല്‍ സര്‍മാല്‍കര്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. അകോല വെസ്റ്റില്‍ മുന്‍മേയര്‍ വിജയ് അഗര്‍വാളിനെ സ്ഥാനാര്‍ഥിയായി ബി.ജെ.പി. പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മറ്റൊരു മുതിര്‍ന്ന നേതാവ് ഹരിഷ് അലിംചന്ദാനി ഇവിടെ വിമതനാകുമെന്ന് ഉറപ്പായി. മറ്റൊരു ബി.ജെ.പി. നേതാവായ അശോക് ഒലാമ്പയും സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്തായാലൂം സ്വന്തം സ്ഥാനാര്‍ഥികള്‍ക്കെതിരേയും സഖ്യസ്ഥാനാര്‍ഥികള്‍ക്കെതിരേയും വിമതശല്യമുണ്ടാവുന്നത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. മഹായുതിയുടെ വോട്ടില്‍ വിള്ളല്‍ വീഴുമെന്നാണ് ആശങ്ക. ഇത് പ്രതിപക്ഷത്തിന് അനുകൂലമാകുമെന്നും വിലയിരുത്തുന്നു.