IndiaNews

യുദ്ധഭൂമികളിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാൻ സർക്കാർ ചെലവിട്ടത് 90 കോടിയിലേറെ

ഓപ്പറേഷൻ കാവേരി മുതൽ സിന്ധു വരെ

ന്യൂഡൽഹി: കഴിഞ്ഞ രണ്ടു വർഷത്തിനിടെ സുഡാൻ, ഇസ്രയേൽ, ഇറാൻ ഉൾപ്പെടെയുള്ള വിവിധ യുദ്ധമേഖലകളിൽ നിന്നും സംഘർഷഭരിതമായ രാജ്യങ്ങളിൽ നിന്നും 9779 ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതായി കേന്ദ്ര സർക്കാർ. ഈ രക്ഷാദൗത്യങ്ങൾക്കായി 90 കോടിയിലധികം രൂപ ചെലവഴിച്ചതായും വിദേശകാര്യ മന്ത്രാലയം ലോക്‌സഭയെ അറിയിച്ചു.

ബെന്നി ബെഹനാൻ എംപിയുടെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗാണ് രേഖാമൂലം മറുപടി നൽകിയത്. കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷിത താവളം, ഭക്ഷണം, പ്രത്യേക വിമാനങ്ങളിലുള്ള യാത്ര എന്നിവയുൾപ്പെടെ എല്ലാ സഹായങ്ങളും പൂർണ്ണമായും സൗജന്യമായാണ് സർക്കാർ നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.

പ്രധാന രക്ഷാദൗത്യങ്ങളും ചെലവും:

  • ഓപ്പറേഷൻ കാവേരി (സുഡാൻ, 2023): ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് 4,097 പേരെ രക്ഷപ്പെടുത്തി. ഇതിനായി 45.63 കോടി രൂപ ചെലവഴിച്ചു.
  • ഓപ്പറേഷൻ അജയ് (ഇസ്രയേൽ, 2023): സംഘർഷം ആരംഭിച്ച ഇസ്രയേലിൽ നിന്ന് 1,343 പേരെ നാട്ടിലെത്തിച്ചു. ചെലവ് 16.87 കോടി രൂപ.
  • ഓപ്പറേഷൻ സിന്ധു (ഇറാൻ, ഇസ്രയേൽ 2025): ഏറ്റവും ഒടുവിൽ ഇറാനിൽ നിന്നും ഇസ്രയേലിൽ നിന്നുമായി നടത്തിയ രക്ഷാദൗത്യത്തിലൂടെ 4415 പേരെ തിരികെയെത്തിച്ചു. ഇതിനായി ഇതുവരെ 27.68 കോടി രൂപ ചെലവായി.
  • ഓപ്പറേഷൻ ഇന്ദ്രാവതി (ഹെയ്തി, 2024): ഹെയ്തിയിൽ നിന്ന് 17 പേരെ രക്ഷിക്കാൻ 48.34 ലക്ഷം രൂപ ചെലവഴിച്ചു.
  • സിറിയ (2024): 77 പേരെ നാട്ടിലെത്തിക്കാൻ 39.95 ലക്ഷം രൂപയും ചെലവഴിച്ചു.

വിദേശ രാജ്യങ്ങളിലെ സംഘർഷ സാഹചര്യങ്ങൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും, ആവശ്യമെങ്കിൽ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുകയും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യാറുണ്ടെന്നും മന്ത്രി അറിയിച്ചു. രക്ഷാദൗത്യങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആഭ്യന്തര, അന്താരാഷ്ട്ര വിമാനക്കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.