News

അഴിമതിയാരോപണം: വി.എസ്. അക്ഷോഭ്യൻ, പിണറായി കോപിഷ്ഠൻ; നിയമസഭയിലെ രണ്ട് ശൈലികൾ

തിരുവനന്തപുരം: സ്വന്തം കുടുംബാംഗങ്ങൾക്കെതിരെ നിയമസഭയിൽ അഴിമതി ആരോപണം ഉയരുമ്പോൾ രണ്ട് മുഖ്യമന്ത്രിമാർ പ്രതികരിച്ച രീതിയാണ് ഇപ്പോൾ രാഷ്ട്രീയ കേരളത്തിൽ ചർച്ചയാകുന്നത്. ആരോപണങ്ങളെ വസ്തുതകൾ നിരത്തി അക്ഷോഭ്യനായി നേരിട്ട മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ശൈലിയും, “ഈ കൈകൾ ശുദ്ധമാണ്” എന്ന് പൊട്ടിത്തെറിക്കുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയും തമ്മിലുള്ള വ്യത്യാസം പ്രകടമാണ്.

വി.എസ്സിന്റെ മകനെതിരെ ആരോപണം ഉയർന്നപ്പോൾ

2011 ജൂലൈ 12-ന്, നിയമസഭയിലെ ബജറ്റ് ചർച്ചയ്ക്കിടെ, അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിന് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി അക്കാദമിയിൽ (ICTA) മാനദണ്ഡങ്ങൾ ലംഘിച്ച് നിയമനം നൽകിയെന്ന് കോൺഗ്രസ് എംഎൽഎ പി.സി. വിഷ്ണുനാഥ് ആരോപണം ഉന്നയിച്ചു.

പിറ്റേദിവസം, ജൂലൈ 13-ന്, വി.എസ്. അച്യുതാനന്ദൻ നിയമസഭയിൽ വ്യക്തിപരമായ വിശദീകരണം നൽകി. “ഐസിടിഎ രൂപീകരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച ഒരു പദ്ധതിയാണെന്നും, അതിന്റെ ആദ്യ ഗവേണിംഗ് ബോഡി പോലും ചേർന്നിട്ടില്ലെന്നും, ഡയറക്ടറെ നിയമിച്ചിട്ടില്ലെന്നും” അദ്ദേഹം വസ്തുതകൾ നിരത്തി വിശദീകരിച്ചു. “തീരുമാനമെടുക്കാത്ത ഒരു കാര്യത്തെക്കുറിച്ചാണ് പി.സി. വിഷ്ണുനാഥ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ ആരോപണത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നുവെങ്കിൽ, ഒരു നിയമസഭാ കമ്മിറ്റിയെ വെച്ച് അന്വേഷണം നടത്തണം. ഇല്ലെങ്കിൽ, ആരോപണം പിൻവലിച്ച് മാപ്പ് പറയണം,” ഇതായിരുന്നു വി.എസ്സിന്റെ ശാന്തമായ മറുപടി.

പിണറായിയുടെ ‘തുള്ളൽ’

അതേസമയം, മുഖ്യമന്ത്രിക്കോ കുടുംബാംഗങ്ങൾക്കോ എതിരെ അഴിമതി ആരോപണങ്ങൾ ഉയരുമ്പോൾ, പിണറായി വിജയൻ പലപ്പോഴും ക്ഷുഭിതനായി പ്രതികരിക്കുന്നതാണ് നിയമസഭ കണ്ടിട്ടുള്ളത്. “ഈ കൈകൾ ശുദ്ധമാണ്”, “മടിയിൽ കനമില്ല”, “വീട്ടുകാരെ കുറിച്ച് എന്തും വിളിച്ചു പറയാമെന്നാണോ” തുടങ്ങിയ ഡയലോഗുകൾ ഇതിന്റെ ഉദാഹരണങ്ങളാണ്.

അഴിമതി ആരോപണങ്ങൾ വരുമ്പോൾ, വ്യക്തമായ വിശദീകരണങ്ങൾ നൽകി അതിനെ പ്രതിരോധിക്കാൻ വി.എസ്സിന് കഴിഞ്ഞിരുന്നുവെങ്കിൽ, പിണറായി വിജയന് അതിന് സാധിക്കുന്നില്ലെന്നും, അതുകൊണ്ടാണ് നിയമസഭയിൽ അദ്ദേഹത്തിന്റെ ‘തുള്ളൽ’ കാണേണ്ടി വരുന്നതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.