
ഓൺലൈൻ മദ്യവിൽപന: മന്ത്രി എം.ബി. രാജേഷും ബെവ്കോ എം.ഡി. ഹർഷിത അട്ടല്ലൂരിയും തമ്മിൽ തുറന്നപോര്; എം.ഡി.യെ മാറ്റിയേക്കും
ഓൺലൈൻ മദ്യവിൽപനയുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി എം.ബി. രാജേഷും ബെവ്കോ എം.ഡി. ഹർഷിത അട്ടല്ലൂരിയും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷം. മന്ത്രിയുടെ നയപരമായ തീരുമാനങ്ങളെ തള്ളി ഓൺലൈൻ മദ്യവിൽപനയുമായി മുന്നോട്ട് പോകുമെന്ന് ഹർഷിത അട്ടല്ലൂരി പരസ്യമായി പ്രഖ്യാപിച്ചതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഹർഷിതയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം എം.ബി. രാജേഷ് മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം.
സംസ്ഥാനത്തെ മദ്യനയത്തിൽ ഓൺലൈൻ വിൽപ്പനയില്ലെന്നും, സമൂഹം അതിന് പാകമാകുമ്പോൾ മാത്രം ആലോചിക്കാമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ, മന്ത്രിയുടെ നിലപാടിന് വിരുദ്ധമായി, ഓൺലൈൻ മദ്യവിൽപനയ്ക്കുള്ള ബെവ്കോ ആപ്പ് പത്ത് ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നും ഇത് 500 കോടിയുടെ അധിക വരുമാനം ഉണ്ടാക്കുമെന്നും ഹർഷിത അട്ടല്ലൂരി ചാനൽ അഭിമുഖങ്ങളിൽ വിശദീകരിച്ചു.
ഓൺലൈൻ വിൽപ്പന വന്നാൽ വീട് മദ്യശാലയാകുമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും, ലാഭം വർദ്ധിപ്പിക്കുകയാണ് ബെവ്കോയുടെ ലക്ഷ്യമെന്നും അവർ തുറന്നുപറഞ്ഞു.
അതേസമയം, ഓൺലൈൻ മദ്യവിൽപനയ്ക്കെതിരെ കെ.സി.ബി.സി. ഉൾപ്പെടെയുള്ള സംഘടനകളും പ്രതിപക്ഷവും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ഈ വിഷയം സർക്കാരിന് വലിയ തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് മന്ത്രി എം.ബി. രാജേഷ്. മുഖ്യമന്ത്രിയുടെ നിലപാട് ഇതുവരെ വ്യക്തമല്ലെങ്കിലും, അധിക വരുമാന സാധ്യത പരിഗണിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇതിനെ അനുകൂലിക്കാൻ സാധ്യതയുണ്ടെന്ന് കരുതുന്നു.
എന്നാൽ ഓണ സീസണിലെ മദ്യവിൽപനയ്ക്ക് ബെവ്കോ തയ്യാറെടുക്കുന്നതിനാൽ എം.ഡി.യെ ഉടൻ മാറ്റുന്നത് സംബന്ധിച്ച് സർക്കാരിന് പുനരാലോചനയുണ്ടാകാനും സാധ്യതയുണ്ട്.