KeralaNews

വയനാട് ദുരന്തം: മരണം 385 കടന്നു, തിരച്ചില്‍ ഏഴാം നാളിലേക്ക്, വളണ്ടിയേഴ്സിന് നിയന്ത്രണം

കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തില്‍ മരണം 385 ആയി. ചാലിയാറില്‍ തിരച്ചിലിനിടെ, ഇന്നലെ മാത്രം 28 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരിച്ചവരില്‍ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരില്‍ 8 പേരുടെ മൃതദേഹം ഇവരില്‍ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. ശേഷിച്ചവരുടെ സംസ്‌കാരം ഇന്ന് നടക്കും. ഓദ്യോഗിക കണക്കനുസരിച്ച് 221 പേരാണ് മരിച്ചത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്.

വയനാട് ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഏഴാം ദിവസമായ ഇന്നും തുടരും. ചൂരല്‍മലയിലും മുണ്ടക്കൈയിലും തിരച്ചില്‍ നടത്തും. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിയന്ത്രണങ്ങളോടെയായിരിക്കും ഇന്നത്തെ തിരച്ചില്‍. ചൂരല്‍മലയ്ക്ക് മുകളിലേക്ക് തിരച്ചിലിനായി പോകുന്നവരുടെ എണ്ണത്തില്‍ ഇന്ന് നിയന്ത്രണം ഏര്‍പ്പെടുത്തും. ചൂരല്‍മലയ്ക്ക് മുകളിലേക്ക് പാസ് നല്‍കി മാത്രമേ ആളുകളെ കടത്തിവിടുകയുള്ളൂ. 1500 വളണ്ടിയേഴ്‌സിനെ മാത്രം കടത്തിവിടാനാണ് തീരുമാനം. എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി.

അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചാണ് തിരച്ചിൽ തുടരുക. കൂടുതൽ സ്ഥലങ്ങളിൽ ഐബോഡ് പരിശോധന നടത്തും. മണ്ണിനടിയിലുള്ള വസ്തുക്കളുടെ രൂപം അറിയാനാണ് ഐബോഡ് പരിശോധന നടത്തുന്നത്. ചൂരൽമലയിലേക്കും മുണ്ടക്കൈയിലേക്കും പ്രവേശനം ഇന്ന് നിയന്ത്രിക്കും. കൂടുതൽ ആളുകളെത്തുന്നത് തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് നടപടി.

അതിനിടെ, സൂചിപ്പാറയ്ക്ക് അടുത്ത് കാന്തൻപാറയിൽ ഇന്നലെ തെരച്ചിലിന് പോയി വനത്തിൽ അകപ്പെട്ടവർ ഇന്ന് തിരികെയെത്തും. ഇവിടെ കണ്ട മൃതദേഹം എടുക്കാൻ പോയതായിരുന്നു ഇവർ. കാട്ടാന ശല്യമുള്ളതിനാൽ രാത്രി തിരികെയെത്തുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് ഇവർ വനത്തിൽ തന്നെ തുടരാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *