News

ആരോഗ്യ വകുപ്പ് വെന്റിലേറ്ററില്‍ തന്നെ! പകർച്ചവ്യാധി മരണം 1400 കടന്നു, മരുന്ന് വാങ്ങാൻ ഫണ്ടില്ല; കണക്കുകൾ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് വെന്റിലേറ്ററിലാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയെ ശരിവെക്കുന്ന കണക്കുകൾ പുറത്ത്. മരുന്ന് വാങ്ങാൻ ആവശ്യത്തിന് ഫണ്ടില്ലാത്തതും പകർച്ചവ്യാധികൾ മൂലമുള്ള മരണങ്ങൾ വർധിക്കുന്നതും ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കുന്നു. എന്നാൽ, ഈ വസ്തുതകൾക്കിടയിലും ആരോഗ്യ മേഖലയെ മികച്ചതാക്കി എന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

ഏറിവരുന്ന പകർച്ചവ്യാധി മരണങ്ങൾ

വീണ ജോർജ്ജ് ആരോഗ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സംസ്ഥാനത്ത് വിവിധ പകർച്ചവ്യാധികൾ ബാധിച്ച് 1411 പേർ മരിച്ചതായാണ് കണക്കുകൾ. 2025 മാർച്ച് 3 വരെയുള്ള കണക്കാണിത്. പകർച്ചവ്യാധി മരണങ്ങളിൽ മലപ്പുറം ജില്ലയാണ് ഏറ്റവും മുന്നിൽ (178 മരണം). തൃശൂർ (173), തിരുവനന്തപുരം (164) ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ജില്ല തിരിച്ചുള്ള പകർച്ചവ്യാധി മരണക്കണക്ക്:

  • മലപ്പുറം: 178
  • തൃശൂർ: 173
  • തിരുവനന്തപുരം: 164
  • എറണാകുളം: 163
  • പാലക്കാട്: 155
  • കോഴിക്കോട്: 147
  • കൊല്ലം: 108
  • കണ്ണൂർ: 71
  • ആലപ്പുഴ: 60
  • വയനാട്: 54
  • കോട്ടയം: 47
  • ഇടുക്കി: 39
  • പത്തനംതിട്ട: 37
  • കാസർഗോഡ്: 15

ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളിലെ ഈ പോരായ്മകൾക്കെതിരെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

മരുന്ന് വാങ്ങാൻ ഫണ്ടില്ല

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ധനവകുപ്പ് ഫണ്ട് വെട്ടിക്കുറച്ചത് സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷം അവശ്യമരുന്നുകൾ വാങ്ങുന്നതിനായി 1015 കോടി രൂപയുടെ ആവശ്യം ആരോഗ്യവകുപ്പ് മുന്നോട്ട് വെച്ചപ്പോൾ, ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വകയിരുത്തിയത് വെറും 356 കോടി രൂപ മാത്രമാണ്. ഇത് ആശുപത്രികളിൽ മരുന്ന് ക്ഷാമത്തിന് കാരണമായിട്ടുണ്ട്.