
ഓഫിസ് നവീകരിക്കാൻ 35 ലക്ഷം വേണമെന്ന് റോഷി അഗസ്റ്റിൻ ! സാമ്പത്തിക പ്രതിസന്ധി ചൂണ്ടികാട്ടി ബാലഗോപാൽ തള്ളി; ഒടുവിൽ മന്ത്രിസഭ യോഗത്തിൽ റോഷിക്ക് 35 ലക്ഷം
സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ്റെ ഓഫിസ് നവീകരിക്കാൻ ലക്ഷങ്ങൾ. ധന വകുപ്പിൻ്റെ എതിർപ്പ് മറികടന്ന് ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് 35 ലക്ഷം റോഷി അഗസ്റ്റിൻ്റെ ഓഫിസ് നവീകരിക്കുന്നതിന് അനുവദിക്കാൻ തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം സ്ഥിതിചെയ്യുന്ന സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ രണ്ടാം നിലയിലാണ് കേരള കോണ്‍ഗ്രസ്- എമ്മിന്‍റെ മന്ത്രിയായ റോഷി അഗസ്റ്റിന്‍റെ ഓഫീസ്. മന്ത്രിയുടെ കാബിനും ജീവനക്കാരുടെ ഓഫീസുകളും ഉള്‍ക്കൊള്ളുന്ന നവീകരണ പ്രവർത്തനങ്ങള്‍ക്ക് 35 ലക്ഷം രൂപയുടെ അനുമതിയാണ് മന്ത്രിയുടെ ഓഫിസ് തേടിയത്.
ഇതിനു തൊട്ടു മുകള്‍ നിലയിലുള്ള റവന്യു മന്ത്രി കെ. രാജന്‍റെ ഓഫീസ് നവീകരണ പ്രവർത്തനങ്ങള്‍ നിലവില്‍ നടന്നു വരികയാണ്. ഇതേ മാതൃകയിലുള്ള നവീകരണത്തിനുള്ള അനുമതിയാണ് ജലവിഭവ മന്ത്രിയും തേടിയത്. ധനമന്ത്രിയുടെ ഓഫീസും നോർത്ത് ബ്ലോക്കിലെ മൂന്നാംനിലയിലാണ്.
സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ധനമന്ത്രി കെ എൻ . ബാലഗോപാൽ റോഷിയുടെ നിർദേശം തള്ളി. ഇതേ തുടർന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ ആവശ്യം ഇന്നലെ ചേർന്ന മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിച്ചതും കാര്യം സാധിച്ചെടുത്തതും.