Kerala Government News

ജീവനക്കാരുടെ ശമ്പള പരിഷ്കരണം : ഇതുവരെ ആലോചന നടന്നിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച്‌ ഇതുവരെ ആലോചന നടന്നിട്ടില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാല്‍. ശമ്പള പരിഷ്കരണ കമീഷനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വാർത്തസമ്മേളനത്തില്‍ മന്ത്രിയുടെ മറുപടി.

2024 ജൂലൈ 1 മുതൽ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണത്തിന് കമ്മീഷനെ പത്ത് മാസം കഴിഞ്ഞിട്ടും നിയമിച്ചിട്ടില്ല. ശമ്പള പരിഷ്കരണ കമ്മീഷൻ നിയമനം സംബന്ധിച്ച് നിയമസഭയിൽ നിരവധി ചോദ്യങ്ങൾ പ്രതിപക്ഷ ഭരണ പക്ഷ എംഎൽഎമാർ ഉന്നയിച്ചിരുന്നു. ഉചിതമായ സമയത്ത് നിയമിക്കും എന്ന പതിവ് പല്ലവിയാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഈ ചോദ്യങ്ങൾക്കെല്ലാം നൽകിയത്.

1.7.19 മുതൽ ലഭിക്കേണ്ട പതിനൊന്നാം ശമ്പള പരിഷ്കരണത്തിന് 6.11.19 ൽ തോമസ് ഐസക്ക് കമ്മീഷനെ പ്രഖ്യാപിച്ചിരുന്നു. 4 മാസം കഴിഞ്ഞപ്പോൾ അന്ന് കമ്മീഷൻ നിലവിൽ വന്നു. റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥർ കെ. മോഹൻദാസ് ആയിരുന്നു പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ ചെയർമാൻ. റിട്ടയേർഡ് പ്രൊഫസർ എം.കെ. സുകുമാരൻ നായർ, അഡ്വക്കേറ്റ് അശോക് മാമൻ ചെറിയാൻ എന്നിവരായിരുന്നു അംഗങ്ങൾ.

29.1.21 ന് കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. പതിമൂന്ന് മാസത്തിനുള്ളിലാണ് കമ്മീഷൻ വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. റിപ്പോർട്ട് കിട്ടി പതിനാലാം പക്കം അതായത് 10.2.21 സർക്കാർ അത് അംഗികരിച്ച് ഉത്തരവും ഇറക്കി.

ഐഎഎസ് ലോബി പത്ത് വർഷം കൂടുമ്പോൾ ശമ്പള പരിഷ്കരണം മതി എന്ന അഭിപ്രായക്കാരാണ്. കേന്ദ്രത്തിൽ പത്ത് വർഷം കൂടുമ്പോഴാണ് ശമ്പള പരിഷ്കരണം. സമാന രീതി കേരളത്തിലും നടപ്പിലാക്കണം എന്നാണ് ഇവർ ആവർത്തിച്ച് ആവശ്യപ്പെടുന്നത്. അതിനോട് യോജിക്കുന്ന മറുപടിയാണ് ബാലഗോപാലിൽ നിന്ന് ഇന്നലെ ഉണ്ടായത്.