
എംഎൽഎ പെൻഷന് ബജറ്റിൽ 21.36 കോടി വകയിരുത്തി കെ.എൻ. ബാലഗോപാൽ
എംഎൽഎ പെൻഷന് ബജറ്റിൽ 21.36 കോടി വകയിരുത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2022- 23 ൽ എംഎൽഎ പെൻഷൻ നൽകാൻ ചെലവായത് 21.63 കോടിയാണ്.
2024- 25 ൽ 20.67 കോടിയും. രണ്ട് വർഷത്തിന് താഴെ കാലാവധിയുള്ള എംഎൽഎയ്ക്ക് 8000 രൂപയാണ് പെൻഷൻ. 5 വർഷം എംഎൽഎ ആയാൽ 20000 രൂപ പെൻഷൻ കിട്ടും.
പിന്നീടുളള ഓരോ വർഷത്തിനും പെൻഷനിൽ 1000 രൂപ വീതം വർദ്ധിക്കും. എഴുപത് വയസ് കഴിഞ്ഞാൽ പെൻഷന് പുറമെ അഡീഷണൽ പെൻഷനായി 3000 രൂപ വീതം പ്രതിമാസം ലഭിക്കും. എൺപത് വയസ് കഴിഞ്ഞാൽ പെൻഷന് പുറമെ അഡീഷണൽ പെൻഷനായി പ്രതിമാസം 3500 രൂപ കൂടെ ലഭിക്കും.
പരമാവധി പെൻഷൻ തുക 50000 രൂപയാണ്. ഒരു വർഷം യാത്ര ചെയ്യാൻ 1 ലക്ഷം രൂപയും മുൻ എംഎൽഎമാർക്ക് ലഭിക്കും.
പേഴ്സണൽ സ്റ്റാഫ് പെൻഷന് ബജറ്റിൽ 9.43 കോടി
പേഴ്സണൽ സ്റ്റാഫ് പെൻഷന് ബജറ്റിൽ കെ.എൻ. ബാലഗോപാൽ വക 9.43 കോടി. 8.68 കോടിയാണ് 2023 – 24 പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകാൻ ചെലവായത്.
2024- 25 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം പേഴ്സണൽ സ്റ്റാഫ് പെൻഷൻ 9.04 കോടിയാണ്. 2 വർഷത്തിൽ കൂടുതൽ സർവീസുള്ളവർക്കാണ് പേഴ്സണൽ സ്റ്റാഫ് പെൻഷന് അർഹത.
നാല് വർഷത്തിൽ കൂടുതൽ സർവീസുള്ള പേഴ്സണൽ സ്റ്റാഫുകൾക്ക് മാത്രമേ പെൻഷൻ കൊടുക്കാവൂ എന്ന് പേ കമ്മീഷൻ ശുപാർശ നൽകിയിരുന്നുവെങ്കിലും മുഖ്യമന്ത്രി ആ ശുപാർശ തള്ളിയിരുന്നു.
പേഴ്സണൽ സ്റ്റാഫ് പെൻഷൻ വാങ്ങുന്നവർ നിലവിൽ 1912 പേരാണ്.2013 ഏപ്രിലിന് ശേഷം സർക്കാർ സർവീസിൽ കയറുന്നവർക്ക് പങ്കാളിത്ത പെൻഷൻ ആണ്. എന്നാൽ പേഴ്സണൽ സ്റ്റാഫുകൾക്ക് പഴയ രീതിയിലുള്ള പെൻഷനാണ് ലഭിക്കുന്നത്.
പേഴ്സണൽ സ്റ്റാഫുകൾ പെൻഷൻ ആകുന്ന മുറക്ക് ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ എന്നീ ആനുകൂല്യങ്ങളും ലഭിക്കും. പെൻഷൻ തുകയുടെ 40 ശതമാനം കമ്യൂട്ടേഷനായും ഇവർക്ക് ലഭിക്കും. 5 വർഷം സർവീസ് ഉള്ള പേഴ്സണൽ സ്റ്റാഫിന് ലഭിക്കുന്ന പ്രതിമാസ പെൻഷൻ : കുക്ക് – 3500 രൂപ , ഓഫിസ് അറ്റൻഡൻ്റ് – 3500 , ക്ലർക്ക് – 4500, അസിസ്റ്റൻ്റ് – 5000, പി.എ / അഡീഷണൽ പി.എ – 6500, അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി – 8000 , അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി – 10000, പ്രൈവറ്റ് സെക്രട്ടറി – 12000