
സംസ്ഥാനത്ത് മഴ കനക്കും: എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ രണ്ട് ദിവസം കൂടി തുടരുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. മലയോര മേഖലകളിൽ മഴ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും, പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മഴക്കെടുതി വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ സാഹചര്യത്തിൽ, എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 27, വെള്ളി) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
മന്ത്രിയുടെ മുന്നറിയിപ്പ്
- ഇടുക്കിയിൽ അതീവ ശ്രദ്ധ: ഇടുക്കി ജില്ലയിൽ അതീവ ശ്രദ്ധ വേണം. ചിലയിടങ്ങളിൽ 200 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്നുണ്ട്. മൂന്നാർ, മുല്ലപ്പെരിയാർ മേഖലകളിൽ പ്രത്യേക ശ്രദ്ധ പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
- സന്നാഹങ്ങൾ ഉറപ്പാക്കും: ഇടുക്കി, വയനാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആവശ്യമായ വാഹനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.
- മത്സ്യബന്ധനത്തിന് വിലക്ക്: കാലാവസ്ഥ മോശമായതിനാൽ ജൂൺ 28 വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കുണ്ട്.
കാലാവസ്ഥാ പ്രവചനം
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് മഴ ശക്തമാകാൻ കാരണം. അടുത്ത രണ്ട് ദിവസം മഴ ശക്തമായി തുടരുകയും, ജൂൺ 29 മുതൽ മഴയുടെ ശക്തി കുറയുകയും ചെയ്യും. എന്നാൽ, ജൂലൈ 3-ഓടെ കാലവർഷം വീണ്ടും ശക്തിപ്പെടാനും, ജൂലൈ 10 മുതൽ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.