HealthKerala

പക്ഷിപ്പനി: നാല് ജില്ലകളിൽ കടുത്ത നിയന്ത്രണം; മുട്ട വിരിയിക്കാൻ പാടില്ല; ഇപ്പോഴുള്ള മുട്ടകൾ നശിപ്പിക്കണം

ആലപ്പുഴ: കേരളത്തിലെ പക്ഷിപ്പനി ബാധിത മേഖലകളിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തി സർക്കാർ വിജ്ഞാപനമിറക്കി. ഡിസംബർ 31 വരെയാണ് ഈ നിയന്ത്രണം നിലവിലുണ്ടാവുക. വൈറസ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

കോഴി, താറാവ്, കാട എന്നീ പക്ഷികളെയും കുഞ്ഞുങ്ങളെയും നിയന്ത്രണമേഖലയിലേക്ക് കൊണ്ടുവരാനോ കൊണ്ടുപോകാനോ പാടില്ല. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഹാച്ചറികളിൽ മുട്ട വിരിയിക്കാനും പാടില്ല. ഈ പ്രദേശങ്ങളിലെ ഹാച്ചറികളിൽ ഇപ്പോഴുള്ള മുട്ടകൾ ശാസ്ത്രീയമായി നശിപ്പിക്കണം. കോഴി, താറാവ് എന്നിവയുടെ മുട്ടയൊന്നിന് അഞ്ചുരൂപ നഷ്ടപരിഹാരം നൽകും. വിജ്ഞാപനത്തീയതിക്കുശേഷം മുട്ട വിരിയിക്കാൻ വെച്ചിട്ടുണ്ടെങ്കിൽ അവയും നശിപ്പിക്കണം, പക്ഷെ അവയ്‌ക്ക് നഷ്ടപരിഹാരമുണ്ടാകില്ല. ഇപ്പോൾ പക്ഷികളില്ലാത്ത ഹാച്ചറികൾ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചിടുകയും വേണം.

കേരളത്തിൽ ഇത്തവണ വൻതോതിൽ വളർത്തുപക്ഷികളുടെ നാശത്തിനിടയാക്കിയ പക്ഷിപ്പനിക്ക്‌ കാരണം യു.എസിലും യൂറോപ്പിലും കണ്ടെത്തിയ വൈറസിൻ്റെ അതേ വകഭേദമാണ്. എച്ച്‌5എൻ1 2.3.4.4ബി എന്ന വകഭേദമാണിത്. താറാവുവളർത്തലിന് നിയന്ത്രണമേർപ്പെടുത്തിയാൽ കർഷകരുടെയും ഇറച്ചി, മുട്ട വിൽപ്പനക്കാരുടെയും ജീവിതം പ്രതിസന്ധിയിലാകുകയും ചെയ്യും.

കുട്ടനാട്‌, അപ്പർ കുട്ടനാട്‌ മേഖലയിൽമാത്രം 1400 താറാവുകർഷകരും എഴുനൂറോളം താറാവ്‌ വിൽപ്പനക്കാരുമുണ്ടെന്നാണ്‌ കണക്കാക്കുന്നത്. ഇവരെ ആശ്രയിച്ച്‌ കഴിയുന്ന ഒട്ടേറെ തൊഴിലാളികൾ വേറെയുമുണ്ട്‌. ഈ മേഖലയിലാകെ 15 ഹാച്ചറികളുണ്ട്‌. ഇതിലും വളരെയേറെയാണ് കോഴിക്കർഷകരുടെയും വിൽപ്പനക്കാരുടെയും എണ്ണം.

സെപ്റ്റംബർ രണ്ടിനാണ് ഈ വിജ്ഞാപനമിറങ്ങിയത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലെ ചില പ്രദേശങ്ങളിൽ തുടർച്ചയായി പക്ഷിപ്പനി റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിലാണ് ഉത്തരവ് ഇറങ്ങിയത് . ആലപ്പുഴ ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലും ഈ നിയന്ത്രണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *