News

കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം: മരണം പുക ശ്വസിച്ചല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചവരുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. മരണകാരണം പുക ശ്വസിച്ചതു കൊണ്ടല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മേപ്പയൂർ നിടുമ്പൊയിൽ സ്വദേശി ഗംഗാധരൻ, വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ, വടകര സ്വദേശി സുരേന്ദ്രൻ എന്നിവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ഇവർക്ക് മുൻപ് തന്നെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായും ഇവരുടെ ശ്വാസകോശത്തിൽ പുകയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മെഡിക്കൽ കോളേജിലെ പിഎംഎസ്എസ്‌വൈ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിൽ എംആർഐ യൂണിറ്റിന്റെ യുപിഎസിൽ (ബാറ്ററി യൂണിറ്റ്) ഷോർട്ട് സർക്യൂട്ട് മൂലം ശക്തമായ പൊട്ടിത്തെറിയും പുകപടലവും ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി 7.45 ഓടെയാണ് താഴത്തെ നിലയിൽ പുക ഉയരുന്നത്. ഈ അപകടത്തിൽ വയനാട് മേപ്പാടി സ്വദേശി നസീറ, കോഴിക്കോട് മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ, വെസ്റ്റ്ഹിൽ സ്വദേശി ഗോപാലൻ, വടകര സ്വദേശി സുരേന്ദ്രൻ എന്നിവരാണ് മരിച്ചത്.

ഇവരെല്ലാവരും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവരായിരുന്നു. നസീറയെ വിഷം കഴിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റുള്ളവർ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്നവരാണ്. അപകടം സംഭവിച്ച ഉടൻ തന്നെ ഇവരെ പുറത്തെത്തിച്ചതായാണ് വിവരം. കാഷ്വാലിറ്റിയിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിലെ പുക ശ്വസിച്ചതിനെ തുടർന്നല്ല ഇവരുടെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മരണകാരണം വിശദമായി പരിശോധിക്കാൻ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.