
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം: വി.ഡി. സതീശൻ
കൊച്ചി: CMRL- എക്സാലോജിക് മാസപ്പടി കേസിലെ SFIO അന്വേഷണത്തിൽ പിണറായി വിജയന്റെ മകൾ വീണ പ്രതിപട്ടികയിൽ വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇപ്പോൾ മുഖ്യമന്ത്രിയേയും മകളേയും സംരക്ഷിക്കാൻ സി.പി.എം നേതാക്കൾ മത്സരിക്കുകയാണ്. മുമ്പ് കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് എതിരെ ആരോപണം ഉയർന്നപ്പോൾ ഇതല്ലായിരുന്നു സി.പി.എം നിലപാട് എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി രാജിവെക്കാതെ തുടർന്നാൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കും. തെറ്റായ കാര്യങ്ങളാണ് നടന്നത്. സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട കേസ് ആണിതെന്ന് വിഡി സതീശൻ ചൂണ്ടിക്കാട്ടി. കോടിയേരി ബാലകൃഷ്ണനോടും പിണറായിയോടും രണ്ട് നീതിയാണ് പാർട്ടിക്ക്. കോടിയേരിയുടെ മകൻ കേസിൽ പെട്ടപ്പോൾ പാർട്ടി മാറി നിന്നു. പക്ഷേ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കേസ് വന്നപ്പോൾ പാർട്ടി ഒപ്പം നിൽക്കുകയാണെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി.
ഒരു സേവനവും ചെയ്യാതെ വീണയുടെ കമ്പനിയുടെ അക്കൗണ്ടിലേക്ക് രണ്ടു കോടി 70 ലക്ഷം രൂപ വന്നു എന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. മുഖ്യമന്ത്രിയുടെ മകൾക്ക് പറയാനുള്ളത് കൂടി കേട്ടശേഷമാണ് എസ്.എഫ്.ഐ.ഒ അവരെ പ്രതിപ്പട്ടികയിൽ ചേർത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹതയില്ല. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി ഉടനടി രാജിവെക്കണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജിവെക്കാതെ അധികാരത്തിൽ തൂങ്ങിപ്പിടിച്ച് കിടക്കാൻ മുഖ്യമന്ത്രി ശ്രമിച്ചാൽ സ്ഥിതി കൂടുതൽ വഷളാകും. തെറ്റായ കാര്യമാണ് നടന്നിട്ടുള്ളത്. അതിൽ മുഖ്യമന്ത്രിക്ക് ധാർമ്മികമായ ഉത്തരവാദിത്തമുണ്ട്. അതിൽ നിന്നും ഒഴിഞ്ഞുമാറാൻ പിണറായി വിജയന് സാധിക്കില്ലെന്നും സതീശൻ പറഞ്ഞു.
ഈ കേസ് രാഷ്ട്രീയമായ കേസല്ല. ഇത് ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ കണ്ടെത്തലായി വന്നതാണ്. പൊളിറ്റിക്കൽ കേസായി തുടങ്ങിയതല്ല. രാഷ്ട്രീയ കേസായി തുടങ്ങിയ കേസുകളിലെല്ലാം കേന്ദ്രം സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും കൂടെയാണ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട മുഴുവൻ അന്വേഷണവും മുക്കിയിരിക്കുകയാണെന്നും സതീശൻ പറഞ്ഞു. ഏത് കേസു വന്നാലും രാഷ്ട്രീയമായ കേസാണെന്ന് പറയുന്നത് ശരിയാണോയെന്ന് വി.ഡി. സതീശൻ ചോദിച്ചു.