News

കോഴിക്കോട് തീപിടിത്തം: നിയന്ത്രണവിധേയമാകാതെ തീ

കോഴിക്കോട്: മാവൂർ റോഡിലുള്ള പുതിയ ബസ്സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ ഉണ്ടായ വൻ തീപിടിത്തം നിയന്ത്രിക്കാനാകുന്നില്ല. സമീപത്തെ കടകളിലേക്കും തീ പടർന്നു. കോഴിക്കോട് നഗരമാകെ കറുത്ത പുക പടർന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീപിടിത്തം ഉണ്ടായിട്ട് രണ്ട് മണിക്കൂറിലേക്ക് അടുക്കുകയാണ്. വൈകുന്നേരം അഞ്ചുമണിയോടെയാണ് തീപിടത്തമുണ്ടായത്.

രാസവസ്തുക്കൾ ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമവും തുടരുകയാണ്. കെട്ടിടം പൂർണമായും കത്തിനശിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. നിലയിലാണ്. തുണിത്തരങ്ങളാണ് കത്തുന്നതെന്ന് കാലിക്കറ്റ് ടെക്‌സ്‌റ്റൈൽസിലെ ജീവനക്കാർ പറഞ്ഞു. തുണിത്തരങ്ങൾ ഇട്ടുവച്ചത് പ്ലാസ്റ്റിക് കവറുകളിലാണ്.

അവധിക്കാലമായതിനാൽ സ്‌കൂൾ വിദ്യാർഥികൾക്കു വേണ്ടി ധാരാളം തുണിത്തരങ്ങൾ കരുതിയിരുന്നു. ഞായറാഴ്ച ആയതിനാൽ പരിസരത്ത് തിരക്ക് കുറവായിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ആളപായമില്ലെന്നാണ് വിവരം. അഗ്‌നിരക്ഷാസേനയുടെ 20 യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വെള്ളം തീർന്ന അഗ്‌നിരക്ഷാ യൂണിറ്റുകൾ തിരികെപോയി വെള്ളവുമായി സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും അഗ്‌നിരക്ഷ സേന യൂണിറ്റ് എത്തിയിട്ടുണ്ട്.

ഞായറാഴ്ച വൈകുന്നേരമായതിനാൽ നഗരത്തിൽ വലിയ ജനത്തിരക്കുണ്ട്. സ്ഥലത്ത് ഗതാഗതം നിയന്ത്രിച്ചു. മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാൻ ഫയർഫോഴ്‌സ് സംഘവും നാട്ടുകാരും ശ്രമം തുടങ്ങി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഫയർ യൂണിറ്റുകളടക്കം സ്ഥലത്തെത്തിച്ചിട്ടുണ്ട്.