
ദേശീയപാത 66 നിർമ്മാണം ഡിസംബറിനകം പൂർത്തിയാക്കും; മുഖ്യമന്ത്രിക്ക് നിതിൻ ഗഡ്കരിയുടെ ഉറപ്പ്
ന്യൂഡൽഹി: സംസ്ഥാനത്ത് പുരോഗമിക്കുന്ന ദേശീയപാത 66ന്റെ നിർമ്മാണം ഈ വർഷം ഡിസംബറിൽ തന്നെ പൂർത്തിയാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനൽകി. ഇരുവരും ഡൽഹിയിൽ നടത്തിയ നിർണായക കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം അറിയിച്ചത്.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽ ബുധനാഴ്ച നടന്ന ചർച്ച ഒരു മണിക്കൂറോളം നീണ്ടു. ദേശീയപാത നിർമ്മാണ പുരോഗതി പ്രധാന ചർച്ചാവിഷയമായി. കൂരിയാട് ദേശീയപാത നിർമ്മാണത്തിലെ വീഴ്ച സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പേർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.
ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സർക്കാർ ചെലവഴിച്ച തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രിയോട് അഭ്യർത്ഥിച്ചു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ കേരളത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ വിശദാംശങ്ങളും കൂടിക്കാഴ്ചയിൽ ഇരുവരും വിലയിരുത്തി.
മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കും പുറമെ സംസ്ഥാന പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ഡൽഹിയിലെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്, ചീഫ് സെക്രട്ടറി എ. ജയതിലക്, പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ബിജു എന്നിവരും ഉന്നതതല ചർച്ചയിൽ പങ്കെടുത്തു.
കൂടിക്കാഴ്ചയുടെ കൂടുതൽ വിശദാംശങ്ങൾ സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വൈകുന്നേരം നാല് മണിക്ക് ഡൽഹിയിൽ നടത്തുന്ന വാർത്താസമ്മേളനത്തിൽ വിശദീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.