അതിവിശ്വസ്തനായ കെ.എം. എബ്രഹാമിന് അമിത് ഷായില്‍ നിന്ന് ക്യാബിനറ്റ് കവചം ഒരുക്കി പിണറായി വിജയൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിന് കാബിനറ്റ് റാങ്ക്. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് എബ്രഹാമിന് കാബിനറ്റ് റാങ്ക് നല്‍കാന്‍ തീരുമാനിച്ചത്.
കിഫ്ബിയുടെ മസാല ബോണ്ട് ക്രമക്കേടില്‍ ഐസക്കും എബ്രഹാമും അറസ്റ്റ് ഭീതിയിലാണ്. ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാന്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തിരിക്കുകയാണ് ഇരുവരും. ഹൈക്കോടതി തള്ളിയാല്‍ സുപ്രീം കോടതിയില്‍ പോകാനാണ് ഇരുവരുടെയും നീക്കം.
അറസ്റ്റ് എപ്പോള്‍ വേണമെങ്കിലും ഉണ്ടാകും എന്നും അതുകൊണ്ട് കാബിനറ്റ് റാങ്ക് തരണമെന്നും മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതും എബ്രഹാമാണ്. കാബിനറ്റ് റാങ്കുള്ളവനെ ചോദ്യം ചെയ്യുന്നതിന് സര്‍ക്കാരിന്റെ അനുമതി വേണം. അറസ്റ്റ് ചെയ്യുന്നതിന് ഗവര്‍ണറുടെ അനുമതിയും വേണം. എബ്രഹാമിന് കാബിനറ്റ് റാങ്ക് നല്‍കുന്നത് വഴി 3 കോടിയുടെ അധിക ബാധ്യതയാണ് ഖജനാവിന് ഉണ്ടാകുന്നത്.
പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെ 25 പേഴ്‌സണല്‍ സ്റ്റാഫുകള്‍, 12 താല്‍ക്കാലിക ജീവനക്കാര്‍ എന്നിവരെ എബ്രഹാമിന് നിയമിക്കാം. കിഫ്ബിയില്‍ ജോയിന്റ് ഫണ്ട് മാനേജരായിരുന്ന ആനി ജൂല തോമസ് എബ്രഹാമിന്റെ പ്രൈവറ്റ് സെക്രട്ടറിയായി എത്തും എന്നാണ് ലഭിക്കുന്ന സൂചന. ഇവര്‍ക്ക് അടുത്തിടെ ഐ എ എസ് കണ്‍ഫര്‍ ചെയ്തു കിട്ടിയിരുന്നു.
പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് 2 വര്‍ഷം കഴിഞ്ഞാല്‍ ആജീവനാന്തം പെന്‍ഷനും ലഭിക്കും. ഔദ്യോഗിക വസതിയും വാഹനവും ലഭിക്കും. വാഹനത്തില്‍ മുന്നില്‍ പൈലറ്റ് വാഹനവും ഉണ്ടാകും. 5 ഓളം പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫിസര്‍മാരെയും നിയമിക്കാം. ഒരു കി.മി എബ്രഹാം സഞ്ചരിച്ചാല്‍ 15 രൂപ യാത്രപ്പടിയായും ലഭിക്കും.
2018 ല്‍ ചീഫ് സെക്രട്ടറി ആയി വിരമിച്ചതിനു ശേഷം 3.50 ലക്ഷം രൂപയ്ക്ക് കരാര്‍ നിയമനത്തില്‍ കിഫ്ബി സി.ഇ.ഒ ആയി പ്രവര്‍ത്തിക്കുകയായിരുന്നു എബ്രഹാം. 65 വയസു കഴിഞ്ഞാല്‍ സി.ഇ.ഒ കസേരയില്‍ ഇരിക്കാന്‍ സാധിക്കുകയില്ല എന്നാണ് ചട്ടം. അതുകൊണ്ട് തന്നെ ഡി.ഇ.ഒ പ്രായ പരിധി 65 ല്‍ നിന്ന് 70 ആക്കി മുഖ്യമന്ത്രിയെ കൊണ്ട് എബ്രഹാം തീരുമാനം എടുപ്പിച്ചു.
രണ്ടാം പിണറായി സര്‍ക്കാരില്‍ കിഫ്ബി സി.ഇ.ഒക്ക് പുറമെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കസേരയും എബ്രഹാം സ്വന്തമാക്കി. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ വിശ്വസ്തനാണ് എബ്രഹാം. യു.എ.ഇ ഭരണാധികാരിയുടെ ക്ലിഫ് ഹൗസ് സന്ദര്‍ശനത്തില്‍ എബ്രഹാം സമ്മാനപൊതികള്‍ മുഖ്യമന്ത്രിയെ ഏല്‍പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി ആയി നിയമിച്ച കെ.വി തോമസിന് കാബിനറ്റ് റാങ്ക് ഉണ്ട്. അഡ്വക്കേറ്റ് ജനറലിനും കാബിനറ്റ് റാങ്കുണ്ട്. കാബിനറ്റ് റാങ്കുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. എ.കെ ബാലനും ശ്രീമതി ടീച്ചറും ചിന്ത ജെറോമും ഭരണപരിഷ്‌കാര കമ്മീഷന്‍ കസേരയില്‍ കണ്ണുനട്ടിരിക്കുകയാണ്.