
എറണാകുളം : പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ‘ ആട് ജീവിതം’ അടുത്ത മാസം തിയറ്ററുകളിൽ. ചിത്രം മാർച്ച് 28 ന് തിയറ്ററുകളിൽ എത്തുമെന്ന് സൂചന .വിഷു റിലീസായി ചിത്രം ഏപ്രിൽ 11 ന് തിയറ്ററുകളിൽ എത്തുമെന്നായിരുന്നു ആദ്യം പുറത്തുവന്നിരുന്ന വിവരം. എന്നാൽ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അടുത്ത മാസം തന്നെ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പൃഥ്വിരാജ് ഗംഭീര മേക്ക് ഓവറിൽ എത്തുന്ന ചിത്രമാണ് ആട് ജീവിതം. ബെന്യാമിന്റെ പ്രശസ്ത നോവലായ ആട് ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

‘വായനയുടെ 16 വർഷങ്ങൾ, ദൃശ്യഭാഷയ്ക്ക് 10 വർഷങ്ങൾ, ആറുവർഷം നീണ്ട ചിത്രീകരണം’ എന്ന പോസ്റ്ററിൽ കാത്തിരിപ്പിന് നീളം കുറയുന്നു.. മാർച്ച് 28ന് ലോകമെമ്പാടും തിയേറ്ററുകളിൽ എന്നാണ് അറിയിച്ചിട്ടുള്ളത്. പോസ്റ്റർ പൃഥ്വിരാജും സിനിമയുടെ അണിയറ പ്രവർത്തകരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ നജീബിനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

2017ൽ ആയിരുന്നു സിനിമയുടെ ചിത്രീകരണം. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ മേക്ക് ഓവർ വളരെ ചർച്ചയായിരുന്നു. അന്താരാഷ്ട്ര ചലച്ചിത്ര മേളക്കായി പുറത്തുവിട്ട സിനിമയുടെ ട്രെയിലറും അതിനു പിന്നാലെ വന്ന ഫസ്റ്റ് ലുക്കും സോഷ്യൽ മീഡിയയിൽ വലിയതോതിൽ ചർച്ചയായിരുന്നു. തെലുങ്ക് സൂപ്പർതാരം പ്രഭാസായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്.

എ ആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും, സുനിൽ കെ എസ് ഛായാഗ്രഹണവും നിർവഹിക്കുന്നു. അമലാ പോൾ, ജിമ്മി ജീൻ ലൂയിസ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.