KeralaNews

സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലെ ഗവൺമെന്റ് ഓഫ് കേരള ബോർഡ് നീക്കാൻ ഉത്തരവിട്ട് ചീഫ് സെക്രട്ടറി

ചീഫ് സെക്രട്ടറി ഹോണടിച്ചിട്ടും വാഹനം ഒതുക്കാതെ ഡെപ്യൂട്ടി സെക്രട്ടറി!

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർ സ്വകാര്യ വാഹനങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കാൻ സർക്കാർ. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനം അനുസരിച്ച് ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറക്കും. ഡെപ്യൂട്ടി സെക്രട്ടറി മുതൽ സ്പെഷൽ സെക്രട്ടറിവരെയുള്ള ഉദ്യോഗസ്ഥർ വ്യത്യസ്ത രീതിയിൽ ബോർഡുകൾ സ്ഥാപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.

കേരള മോട്ടർ വെഹിക്കിൾ റൂൾസ് 92 (എ) ഭേദഗതി ചെയ്യും. സർക്കാർ വാഹനങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്നതിനു നിലവിലുള്ള രീതികളും പരിഷ്ക്കരിക്കും. ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡിഷനൽ സെക്രട്ടറി, സ്പെഷൽ സെക്രട്ടറി എന്നിവരുടെ സ്വകാര്യ വാഹനങ്ങളിൽ തസ്തികയുടെ പേര് സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിക്കാൻ സർക്കാർ നേരത്തെ അനുവാദം നൽകിയിരുന്നു.

ബോർഡുകൾ വ്യത്യസ്ത രീതിയിലാണ് ഉദ്യോഗസ്ഥർ വാഹനങ്ങളിൽ സ്ഥാപിച്ചിരുന്നത്. ചിലർ സ്ഥാനപേരിനോടൊപ്പം ‘കേരള ഗവൺമെന്റ്’, ഗവൺമെന്റ് ഓഫ് കേരള’, ‘കേരള സെക്രട്ടേറിയറ്റ്’ തുടങ്ങിയ വാക്കുകൾ അധികമായി ചേർത്തു.

ഇതു സംബന്ധിച്ച പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ചീഫ് സെക്രട്ടറി യോഗം വിളിച്ചത്. ഡെപ്യൂട്ടി സെക്രട്ടറി, ഗവൺമെന്റ് ഓഫ് കേരള എന്ന ബോർഡ് വച്ച് റോഡിലൂടെ ചീറി പാഞ്ഞ് പോകുന്ന വാഹനം കഴിഞ്ഞ മാസം ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ചീഫ് സെക്രട്ടറി ഹോണടിച്ചിട്ടും വാഹനം ഒതുക്കാതെ ഡെപ്യൂട്ടി സെക്രട്ടറിയുടെ വാഹനം പറഞ്ഞു.

പരാതി സ്വയം ബോധ്യപ്പെട്ടതോടെയാണ് നടപടിയെടുക്കാൻ ചീഫ് സെക്രട്ടറി അടിയന്തിര യോഗം വിളിച്ചത്. ഇനിമുതൽ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനങ്ങളിൽ ബോർഡുകൾ സ്ഥാപിക്കേണ്ടതില്ലെന്നു യോഗത്തിൽ തീരുമാനിച്ചു. ഗതാഗത മന്ത്രി ഫയൽ കണ്ടശേഷം വിജ്ഞാപനമായി പുറത്തിറങ്ങും.

സർക്കാർ വാഹനങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്ന നിലവിലെ രീതികളിലും പരിഷ്ക്കരണം വരും. സർക്കാർ വാഹനങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്നതിനെ സംബന്ധിച്ച് കേരള മോട്ടർ വാഹന ചട്ടങ്ങളിലെ 92 (എ) വകുപ്പിലാണ് പറയുന്നത്. സർക്കാർ വകുപ്പുകളുടെ വാഹനങ്ങളിൽ വകുപ്പുകളുടെ പേരാണ് എഴുതേണ്ടത്.

പകരം പലരും ‘കേരള സ്റ്റേറ്റ്’, ‘കേരള സർക്കാർ’, ‘ഗവൺമെന്റ് ഓഫ് കേരള’ എന്നീ രീതികളിൽ ബോർഡുകൾ സ്ഥാപിക്കുന്നുണ്ട്. കേരള സ്റ്റേറ്റ് എന്നു നിയമപ്രകാരം ഉപയോഗിക്കാൻ കഴിയുന്നത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെ വാഹനങ്ങളിലാണ്. വിജ്ഞാപനത്തിൽ ഇക്കാര്യങ്ങൾ വിശദമായി വ്യക്തമാക്കും. പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *