NationalSuccess Stories

ആദിവാസി സമൂഹത്തിൽ നിന്നുള്ള ആദ്യ സിവിൽ ജ‍ഡ്ജി ; തമിഴ് മണ്ണിലെ ആ ഇരുപത്തി മൂന്ന് വയസ്സുകാരി എഴുതിയത് ചരിത്രം

ചെന്നൈ : ആ​ഗ്രഹങ്ങൾ ആത്മാർത്ഥമാണെങ്കിൽ , അതിന് വേണ്ടി കഷ്ടപ്പെടാൻ തയ്യാറാണെങ്കിൽ വിജയം ഉറപ്പാണ്. അതിന് ഒരു ഉത്തമ ഉ​ദാഹരണമാണ് ശ്രീപതി എന്ന 23 കാരി. തമിഴ്‌നാട്ടിലെ ഗോത്രവർഗത്തിൽനിന്നുള്ള ആദ്യ വനിതാജഡ്ജി എന്ന അഭിമാന നേട്ടവുമായാണ് ഇന്ന് തിരുവണ്ണാമല പുലിയൂർ സ്വദേശിനി ശ്രീപതി ജനശ്രദ്ധ നേടിയിരിക്കുന്നത്.

സിവിൽ ജഡ്ജി നിയമനത്തിനായി നടത്തിയ പരീക്ഷയിൽ വിജയിച്ച ശ്രീപതി ആറുമാസത്തെ പരിശീലനത്തിന് ശേഷം സ്ഥാനമേൽക്കും. 23-ാം വയസ്സിൽ സിവിൽ ജഡ്ജിയായി നിയമനം ലഭിച്ചത് വെല്ലുവിളിയെ നിശ്ചയദാർഢ്യം കൊണ്ട് നേരിട്ടുകൊണ്ടാണ്. നിയമപഠനം പൂർത്തിയാക്കുന്നതിന് മുമ്പ് വിവാഹിതയായ ശ്രീപതി അതിനുശേഷവും പഠനം തുടരുകയായിരുന്നു.

കഴിഞ്ഞ വർഷം നവംബറിലായിരുന്നു മെയിൻ പരീക്ഷ. അപ്പോഴേക്കും പ്രസവകാലാവധി അടുത്തിരുന്നു.പരീക്ഷയ്‌ക്ക് രണ്ട് ദിവസം മുമ്പ് പ്രസവവേദന അനുഭവപ്പെട്ടു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്തദിവസം പ്രസവം നടന്നു. എന്നിട്ടും പരീക്ഷ എഴുതുന്നതിൽനിന്ന് പിൻമാറിയില്ല. ഡോക്ടറുടെ നിർദേശപ്രകാരമുള്ള സൗകര്യങ്ങളോടെ തിരുവണ്ണാമലയിൽനിന്ന് കാറിൽ ചെന്നൈയിൽ എത്തി പരീക്ഷ എഴുതി. അവസാനം പരീക്ഷയിൽ വിജയം നേടുകയുമായിരുന്നു.

തിരുവണ്ണാമലൈയിലെ തുരിഞ്ഞിക്കുപ്പം ഗ്രാമത്തിലാണ് ശ്രീപതി ജനിച്ചത്, വളർന്നത് തിരുപ്പത്തൂരിലെ യേലഗിരി ഹിൽസിലാണ്. അച്ഛൻ വീട്ടുജോലിക്കാരനായി ജോലി ചെയ്യുന്നു. സിവിൽ ജഡ്ജി പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ശ്രീപതി ഗർഭിണിയായത്. പ്രസവ തീയതിയും പരീക്ഷാ തീയതിയും അടുത്തടുത്ത് വന്നു . തന്റെ ഭർത്താവ് വലിയ പിന്തുണയായിരുന്നുവെന്നും വിവാഹശേഷം തന്റെ ആഗ്രഹങ്ങൾക്ക് വിഘാതമായി നിന്നില്ലെന്നും അവർ അഭിമാനത്തോടെ പറയുന്നു.

തന്റെ മകൾ അവരുടെ കുടുംബത്തിനും മുഴുവൻ ആദിവാസി സമൂഹത്തിനും അഭിമാനം നൽകിയതിൽ ശ്രീപതിയുടെ പിതാവ് അഗാധമായ സന്തോഷം പ്രകടിപ്പിച്ചു. “ഞാൻ ഒരു വീട്ടുജോലിക്കാരൻ മാത്രമാണ്. എനിക്ക് തോന്നുന്നത് പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല, എന്റെ മകൾ പരീക്ഷയിൽ വിജയിച്ചതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. – അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *