Kerala

ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് തുടക്കമായി; 25ന് പൊങ്കാല

തിരുവനന്തപുരം: ഒരാണ്ട് നീണ്ട പ്രാര്‍ഥനകള്‍ക്കു സാഫല്യമായി ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് തുടക്കമായി. കുംഭമാസത്തിലെ കാര്‍ത്തികനാളായ ഇന്ന് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ രാവിലെ 8ന് ദേവിയെ കാപ്പുകെട്ടി പാട്ടുപാടി കുടിയിരുത്തിയതോടെയാണ് 10 ദിവസം നീണ്ടു നില്‍ക്കുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായത്. 25നാണ് ഭക്ത ലക്ഷം വ്രതനിഷ്ടയോടെ കാത്തിരിക്കുന്ന പൊങ്കാല.

ക്ഷേത്ര ട്രസ്റ്റിന്റെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തുന്ന ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹി ശോഭ പറഞ്ഞു. ദേവീ ദര്‍ശനത്തിനുള്ള തിരക്ക് ഇക്കുറി വര്‍ധിക്കുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തില്‍ അയ്യായിരം പേര്‍ക്ക് ഒരു സമയം വരി നില്‍ക്കാനുളള ബാരിക്കേഡുകളാണ് നിര്‍മിക്കുന്നത്. ആറ്റുകാല്‍ ക്ഷേത്രത്തിനകത്ത് ഭക്തര്‍ത്ത് സുഗമ്മായി തൊഴാനുള്ള എല്ലാം സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുത്തിയോട്ടം, എഴുന്നള്ളത്ത് തുടങ്ങി വിവിധ കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് അവസാന ഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി.

ഇത്തവണ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കാന്‍ കോര്‍പറേഷനില്‍ കൂടിയ ഉദ്യോഗസ്ഥരുടെ യോഗത്തിലും തീരുമാനമായി. കുടിവെള്ള ലഭ്യത ഉറപ്പു വരുത്താനായി ജല അതോറിറ്റി താത്കാലിക ടാപ്പുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തന സജ്ജമായി.

Leave a Reply

Your email address will not be published. Required fields are marked *