ചെന്നൈ : പ്രശസ്ത തമിഴ് നടൻ ആർ . ശരത് കുമാർ എൻഡിഎയിൽ ചേരും എന്ന് സൂചന. സ്വന്തം പാർട്ടിയായ ആൾ ഇന്ത്യ സമത്വ മക്കൾ കക്ഷി എൻഡിഎയിൽ ലയിപ്പിച്ചായിരിക്കും അദ്ദേഹം പാർട്ടിയിൽ അംഗത്വം സ്വീകരിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ശരത് കുമാറിന്റെ നിർണായക നീക്കം എന്നത് ശ്രദ്ധേയമാണ്.
ചെന്നൈയിൽ എത്തി ശരത് കുമാർ ബിജെപി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം തിരുനെൽവേലിയിൽ മത്സരിക്കുമെന്നാണ് സൂചന. ശരത് കുമാറിന്റെ തീരുമാനത്തിന് പാർട്ടി പ്രവർത്തകരുടെ പൂർണ പിന്തുണയുണ്ട്.
നേരത്തെ ഡിഎംകെയിലായിരുന്നു ശരത് കുമാർ. 1998 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ ടിക്കറ്റിൽ അദ്ദേഹം മത്സരിച്ചിരുന്നു. എന്നാൽ പരാജയപ്പെടുകയായിരുന്നു. 2001 ൽ രാജ്യസഭയിൽ നിന്നും അദ്ദേഹം മത്സരിച്ചിരുന്നു. പിന്നീട് പാർട്ടിയുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് ശരത് കുമാർ ഡിഎംകെ വിട്ടു.
ശേഷം 2006 ൽ എഐഎഡിഎംകെയിൽ ചേരുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ രാധികയും പാർട്ടിയിൽ ചേർന്നിരുന്നു. എന്നാൽ അഞ്ച് വർഷങ്ങൾക്ക് ശേഷം 2011 ൽ സ്വന്തം പാർട്ടി ആരംഭിക്കുകയായിരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ മക്കൾ നീതി മയ്യവുമായി ചേർന്ന് ശരത് കുമാറിന്റെ പാർട്ടി മത്സരിച്ചിരുന്നു.